പ്രമാടം : ഒരാഴ്ച നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്രമാടത്ത് കുടിവെള്ളമെത്തി. റോഡ് വെട്ടിപ്പൊളിക്കുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിറ്റിയും തമ്മിലുണ്ടായ ശീതസമരത്തെ തുടർന്ന് പ്രമാടം പഞ്ചായത്തിൽ ഒരാഴ്ചയായി കുടിവെള്ളം മുടങ്ങിയത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് അടിയന്തര നടപടി. സംഭവം വിവാദമായതോടെ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പ്രശ്നത്തിൽ ഇടപെടുകയും ഇരു വകുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ച് അടിയന്തര പ്രശ്ന പരിഹാരത്തിന് കർശന നിർദ്ദേശം നൽകുകയുമായിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ യുദ്ധകാല അടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജല വിതരണം പുനസ്ഥാപിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി നാട്ടുകാർ കുടിവെള്ളം തേടി നെട്ടോട്ടത്തിലായിരുന്നു.
പുതിയ കുടിവെള്ള പദ്ധതി ഉടൻ
ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ പ്രമാടത്തിന്റെ പുതിയ കുടിവെള്ള പദ്ധതിയുടെ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. 19 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന ഇവിടെ 35000ൽ കൂടുതൽ ജനസംഖ്യയുണ്ട്. നിലവിലുള്ള അച്ചൻകോവിലാറ്റിലെ മറൂർ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുള്ള ജല വിതരണത്തിന്റെ പ്രയോജനം ജനങ്ങൾക്ക് ആവശ്യാനുസരണം ലഭിക്കുന്നില്ല. മഴ സമയത്ത് പോലും ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്ന ഉയർന്ന പ്രദേശങ്ങളും ഇവിടെയുണ്ട്. കാലപ്പഴക്കം കാരണം പ്രധാന പൈപ്പ് ലൈനുകൾ ഉൾപ്പെടെ പൊട്ടി കുടിവെള്ളം മുടങ്ങുന്നതും പതിവാണ്. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതി വരുന്നത്.
..................................
പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ കുളപ്പാറ, നെടുംപാറ, പടപ്പുപാറ, കൊച്ചുമല എന്നിവിടങ്ങളിൽ പുതിയ വാട്ടർ ടാങ്കുകൾ നിർമ്മിക്കും. നിലവിൽ മറൂർ കുളപ്പാറ മലയിലാണ് പ്രമാടം കുടിവെളള പദ്ധതിയുടെ പ്രധാന ടാങ്ക്. അച്ചൻകോവിലാറ്റിലെ മറൂർ വെട്ടിക്കാലിൽപടി പമ്പ് ഹൗസിൽ നിന്നാണ് നിലവിൽ പമ്പിംഗ് നടത്തുന്നത്. ഇതിന് പുറമെ വ്യാഴിക്കടവിൽ നിന്നുകൂടി പമ്പിംഗ് തുടങ്ങുന്നതോടെ ടാങ്കുകളിലേക്ക് ആവശ്യാനുസരണം വേഗത്തിൽ വെള്ളം എത്തിക്കാൻ കഴിയും. ഇതിനായി പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടുമുണ്ട്.
അഡ്വ.കെ.യു. ജനീഷ് കുമാർ
(എം.എൽ.എ)
........................................
- 102.8 കോടിയുടെ പുതിയ കുടിവെള്ള പദ്ധതി പ്രമാടത്ത്
- 9669 കുടുംബങ്ങൾക്ക് പ്രയോജനം