 
പത്തനംതിട്ട: പടേനി ആചാര്യൻ കടമ്മനിട്ട വാസുദേവൻ പിള്ളയുടെ ജീവിതത്തെ ആധാരമാക്കിയുള്ള 'പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ള : പടേനിയിലെ രൗദ്രസങ്കീർത്തനം ' എന്ന ഡോക്യുമെന്ററി പ്രദർശനത്തിനൊരുങ്ങുന്നു. അദ്ദേഹത്തിന്റെ വ്യക്തിജീവിതവും കലാജീവിതവും ഉൾപ്പെടുന്ന എഴുപത്തഞ്ച് വർഷത്തെ ചരിത്രം പകർത്തിയ ഡോക്യുമെന്ററിയുടെ ചിത്രീകരണം കടമ്മനിട്ടയിലും പന്തളത്തുമാണ് നടന്നത്. സ്‌കൂൾ കലാലയ കാലയളവും പടേനിയിലേക്കുള്ള കടന്നുവരവും കവി കടമ്മനിട്ടയുമായുള്ള ബന്ധവും പടേനിയെ ദേശാന്താര പ്രശസ്തിയിലേക്ക് എത്തിച്ചതുമൊക്കെ സമഗ്രമായി ഡോക്യുമെന്ററിയിൽ ഉൾച്ചേർത്തിട്ടുണ്ട്. അദ്ദേഹവുമായി ബന്ധപ്പെട്ട പ്രമുഖരുടെ അഭിമുഖവും കടമ്മനിട്ട പടേനിയുടെ ദൃശ്യചാരുതയും പകർത്തിയിട്ടുള്ള ഡോക്യുമെന്ററിയുടെ നിർമ്മാണം ദേശത്തുടി സാംസ്‌കാരിക സമന്വയമാണ്.
ജയിൻ അങ്ങാടിക്കലും രാജേഷ് ഓമല്ലൂരുമാണ് സംവിധാനം.അനിൽ വളളിക്കോടാണ് രചന. പ്രൊഫ.അലിയാർ വിവരണവും മഹേഷ് കടമ്മനിട്ട സഹസംവിധാനവും നിർവഹിച്ചിരിക്കുന്നു.ഡോക്യുമെന്ററിയുടെ ലോഗോപ്രകാശനം മുൻ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി, കവി കെ ജി .ശങ്കരപ്പിള്ളയ്ക്ക് നൽകി നിർവഹിച്ചിരുന്നു.