ചെങ്ങന്നൂർ: പഴയ കാലത്തിൽ നിന്നും വ്യത്യസ്തമായി ലഹരിയ്ക്കടിമയാക്കുന്നത് കുട്ടികളും യുവാക്കളുമാണെന്ന് ആലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ മുരളീധരൻ പിളള പറഞ്ഞു. കേരള കൗമുദിയും എക്‌സൈസ് വകുപ്പും സംയുക്തമായി കോടുകുളഞ്ഞി ജെ.എം ഹൈസ്‌കൂളിൽ നടത്തിയ ബോധപൗർണമി ലഹരിവിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ടി.എം.എ പോലുള്ള ആധുനിക ലഹരി വസ്തുക്കളുടെ ഉപയോഗം മാരകമായ പ്രത്യാഘാതങ്ങളാണ് ഇവരിൽ ഉണ്ടാക്കുന്നത്. ഇതിനെ ഫലപ്രദമായി തടയാൻ മാതാപിതാക്കളും അദ്ധ്യാപകരും സമൂഹവും കരുതലോടെ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ എക്സിക്യൂട്ടീവ് അംഗം സുനി ബിജു അദ്ധ്യക്ഷത വഹിച്ചു. കേരള കൗമുദി ചെങ്ങന്നൂർ ലേഖകൻ ടി.എസ് സനൽകുമാർ ആമുഖ പ്രഭാഷണം നടത്തി. ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി ഐപ്പ് മാത്യു ബോധവത്ക്കരണ ക്ലാസ് നയിച്ചു. പഞ്ചായത്ത് അംഗം അനൂപ്, കേരള കൗമുദി സർക്കുലേഷൻ അസി.മാനേജർ അനിൽ കുമാർ എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ രജിത് കുമാർ ടി.എൻ സ്വാഗതവും സ്റ്റാഫ് പ്രതിനിധി സീന കുരുവിള നന്ദിയും പറഞ്ഞു. ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങളും പിടിക്കപ്പെട്ടാൽ അഭിമുഖീകരിക്കേണ്ടി വരുന്ന നിയമ നടപടികളെക്കുറിച്ചുള്ള അജ്ഞ്ഞതയുമാണ് യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ ലഹരി ഉപയോഗം വർദ്ധിക്കാൻ കാരണമെന്ന് ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്പക്ടർ ജിജി ഐപ്പ് മാത്യു പറഞ്ഞു. കേരളകൗമുദിയും എക്‌സൈസ് വകുപ്പും സംയുക്തമായി കോടുകുളഞ്ഞി ജെ.എം ഹൈസ്‌കൂളിൽ നടത്തിയ ബോധപൗർണമി ലഹരിവിരുദ്ധ സെമിനാറിൽ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് സിന്ധറ്റിക് ലഹരി ഉപയോഗം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ഒരു തവണ ഉപയോഗിച്ചാൽ ലഹരിയ്ക്കടിമയാകുന്നതാണ് ഇത്തരം ലഹരി ഉൽപ്പന്നങ്ങൾ. ലഹരി വസ്തുക്കളുടെ തുടർച്ചയായ ഉപയോഗം നാഡീവ്യൂഹത്തേയും തലച്ചോറിനേയും പ്രതികൂലമായി ബധിക്കും. ക്രമേണ വിഷാദരോഗത്തിന് അടിമയാകും. ലഹരി കിട്ടാത്ത അവസരത്തിൽ ഇവർ ആക്രമണകാരികളായി മാറും. കുട്ടികളിലെ മാറ്റങ്ങൾ മാതാപിതാക്കളും അദ്ധ്യാപകരും നിരീക്ഷിച്ചാൽ പരിധിവരെ ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാമമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളിൽ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ യോഗാ ടെക്നിക്കുകൾ പരിശീലിപ്പിക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. തുടർന്ന് ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ദുഷ്യവശങ്ങളെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും നടന്നു.