കോന്നി: പുനലൂർ -മുവാറ്റുപുഴ റോഡിലെ പത്തനാപുരം പാലത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാൻ വൈകിയാൽ ശബരിമല തീർത്ഥാടകരെ ബാധിക്കും. തമിഴ് നാട്ടിൽ നിന്ന് ആലപ്പുഴ, എറണാകുളം ഭാഗത്തേക്കുള്ള ചരക്കുനീക്കത്തിനും ദീർഘ ദൂരയാത്രകൾക്കും ഇന്നലെ എം സി റോഡിനെയാണ് പ്രധാനമായും ആശ്രയിച്ചത്. പത്തനംതിട്ട ഭാഗത്തുനിന്നുള്ളവർ കലഞ്ഞൂർ ഇടത്തറയിലെത്തി തിരിഞ്ഞ് പാതിരിക്കൽ വഴിയാണ് ഇന്നലെ പത്തനാപുരത്തേക്ക് പോയത്. പുനലൂരിൽ നിന്നുള്ളവർ സെന്റ് ജോസഫ് ഹോസ്‌പിറ്റൽ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പാതിരിക്കൽ വഴി ഇടത്തറയെത്തി പത്തനംതിട്ട ഭാഗത്തേക്ക് പോകുകയായിരുന്നു. കെ.പി റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ പുതുവൽ ശാലേപുരം ജംഗ്ഷനിൽ എത്തി തിരിഞ്ഞ് കുണ്ടയം മഞ്ചള്ളൂർ വഴി പത്തനാപുരം ടൗണിൽ കയറുകയായിരുന്നു.. പത്തനാപുരം പഞ്ചായത്ത് പ്രസിഡന്റ് പാലത്തിന്റെ അലയിൻമെന്റിന്റെ പ്രശ്‍നം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സംഭത്തെ തുടർന്ന് വെള്ളിയാഴ്ച്ച രാത്രിയിൽ ചീഫ് എൻജിനീയർ സ്ഥലത്തെത്തിയിരുന്നു.