kalari
ബ്രഹ്മോദയം കളരി സംഘത്തിൻ്റെ അഭ്യാസികൾ കളരിപ്പയറ്റ് അവതരിപ്പിച്ചപ്പോൾ

ചെങ്ങന്നൂർ: ആയുധങ്ങളുമായി ആസാമാന്യ മേയ് വഴക്കത്തോടെ അങ്കത്തട്ടിൽ ചടുല നീക്കങ്ങളുമായി ബ്രഹ്മോദയം കളരി സംഘത്തിന്റെ അഭ്യാസികൾ കച്ചമുറുക്കി അണി നിരന്നപ്പോൾ അത് പുലിയൂർ നിവാസികൾക്ക് വിസ്മയ കാഴ്ചയായി. ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി പുലിയൂർ പഞ്ചായത്തിൽ നടത്തിയ ചെങ്ങന്നൂരാദി മഹോത്സവത്തിലാണ് പരമ്പരാഗത ആയോധനകലയായ കളരിയുടെ അവിസ്മരണിയ കാഴ്ചകൾ അരങ്ങേറിയത്. കളരി ഗുരുക്കൽ കെ.രദീപിന്റെ നേതൃത്വത്തിൽ 28 അംഗ സംഘമാണ് വേദിയിൽ കളരിപ്പയറ്റ് അവതരിപ്പിച്ചത്. മദ്ധ്യകേരളത്തിലെ കളരിപ്പയറ്റ് സമ്പ്രദായമായ ചെങ്ങന്നൂർ അമ്പതീരടി കളരി സമ്പ്രദായമാണ് വേദിയിൽ പ്രധാനമായി അവതരിപ്പിച്ചത്. കോൾത്താരി, അങ്കത്താരി വിഭാഗത്തിലെ വാളും പരിചയും ഉറുമിപ്പയറ്റും സദസിനെ വിസ്മയപ്പെടുത്തി. പുലിഅങ്കച്ചുവട് ഉൾപ്പെടെ മദ്ധ്യകേരളത്തിലെ കളരി മുറകളാണ് വേദിയിൽ പയറ്റിയത്. കൂടാതെ പടവെട്ടും പാട്ടും കോൽകളിയുമെല്ലാം വേദിയിൽ അവതരിപ്പിച്ചു. ഫോക്ക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ കളരി ഗുരുക്കന്മാരെ ആദരിച്ചു. കെ.ആർ രദീപ്, കെ.ആർ രവീന്ദ്രൻ, ജയപ്രകാശ്, ഗോപി മാന്നാർ, പ്രകാശ് പണിക്കർ എന്നിവരെയാണ് വേദിയിൽ ആദരിച്ചത്.