ചെങ്ങന്നൂർ: ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി കുവൈറ്റിൽ നിന്നെത്തിയപ്പോൾ വിമാനത്താവളത്തിൽ വച്ച് പിടിയിലായി. ചെറിയനാട് മാമ്പ്ര മുറിയിൽ പ്ലാവിള പടീറ്റതിൽ എം.ടി. തോമസ് (61) ആണ് പിടിയിലായത്. 2015ൽ വീടിനുള്ളിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയതായാണ് കേസ്.. 2019 ൽ വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിക്കുന്നതിന് പൊലീസ് ശ്രമങ്ങൾ നടത്തിയിരുന്നു. എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ നാട്ടിലെത്തുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് വെണ്മണി പൊലീസിനെ അറിയിക്കുകയായിരുന്നു. വെണ്മണി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജോയ് മത്തായി, സീനിയർ സി.പി.ഒ. രാധാകൃഷ്ണൻ, സി.പി.ഒ. അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റുചെയ്തത്.