കോന്നി: തണ്ണിത്തോട് മൂഴി ജലസേചന പദ്ധതിയുടെ പൈപ്പുലൈനിലെ വെള്ളം പാഴാകുന്നു. പദ്ധതിയുടെ തേക്കുതോട് പമ്പു ഹൗസിൽ നിന്നും വെള്ളം പമ്പു ചെയ്തു മേലെപറക്കുളത്ത് ടാങ്കിൽ സംഭരിക്കുന്നുണ്ട്. അവിടെ നിന്നും താഴെപറക്കുളത്തേക്ക് പോകുന്ന ലൈനിലെ വെള്ളമാണ് വീടുകളിലേക്ക് കണക്ഷൻ കൊടുത്ത ഭാഗങ്ങളിൽ ലീക്കുണ്ടായി പാഴാകുന്നത്. കല്ലാറ്റിലെ പമ്പു ഹൗസിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളം രണ്ടു കിലോമീറ്റർ ദൂരെ മലമുകളിലെ ടാങ്കിലാണ് സംഭരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ജലജീവൻ പദ്ധതി പ്രകാരം രണ്ടു വർഷം മുൻപ് സ്ഥാപിച്ച പൈപ്പുകളിലൂടെയാണ് വെള്ളം പാഴാകുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇങ്ങനെ കുടിവെള്ളം പാഴാകുകയാണെന്നും പല തവണ പരാതി പെട്ടിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കിന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. ഇപ്പോൾ ടാങ്കിൽ നിന്നും വെള്ളം തുറന്നുവിട്ടാൽ ആർക്കും ലഭിക്കാത്ത അവസ്ഥയാണ്. കല്ലാറ്റിൽ നിന്നും പമ്പു ചെയ്യുന്ന വെള്ളം പൈപ്പുകളിൽ പലഭാഗത്തും ലീക്കുണ്ടായി തിരികെ ഒഴുകി വീണ്ടും കല്ലാറ്റിൽ എത്തുന്ന സ്ഥിതിയാണ്. അറ്റകുറ്റപ്പണികൾ നടത്തി കുടിവെള്ളം പാഴാകുന്നത് തടയാമെന്നിരിക്കെ ഉദ്യോസ്ഥർ ഒരു വർഷമായി നടപടികൾ സ്വീകരിക്കുന്നില്ല. വേനൽ കാലത്ത് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ്. കുടിവെള്ളം റോഡിലൂടെ ഒഴുകി പാഴാക്കുന്ന അവസ്ഥയ്ക്ക് പരിഹാരമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
...............
തണ്ണിത്തോട് മൂഴി ജലസേചന പദ്ധതിയുടെ തേക്കുതോട്ടിലെ ടാങ്കിൽ നിന്നും പമ്പ് ചെയ്തു മേലെ പറക്കുളത്തു ടാങ്കിൽ സംഭരിച്ച ശേഷം മലമുകളിൽ നിന്നും താഴെപറക്കുളത്തെ ജനവാസമേഖലകളിലെ വീടുകളിലേക്ക് എത്തുന്ന വെള്ളമാണ് പാഴാകുന്നത്. കുടിവെള്ള ക്ഷാമമുള്ള പ്രദേശമാണിത്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണം.
സി.പി.സുരേഷ് തേക്കുതോട്
( പ്രദേശവാസി )