1
പൂവനക്കടവ് - ചെറുകോൽപ്പുഴ റോഡിൽ എഴുമറ്റൂർ ജംഗ്ഷന് സമീപം നിർമ്മാണം പൂർത്തിയാക്കിയ കലുങ്കിന്റെ മുകൾഭാഗത്തെ കോൺക്രീറ്റ് സ്ലാബുകൾ ഇളക്കി മാറ്റിയപ്പോൾ

മല്ലപ്പള്ളി :ചെറുകോൽപ്പുഴ - പൂവനക്കടവ് റോഡിൽ എഴുമറ്റൂർ കവലക്ക് സമീപത്ത് പുതുതായി നിർമ്മാണം നടത്തിയ കലുങ്കിന്റെ മുകൾ തട്ടിലെ കോൺക്രീറ്റ് സ്ലാബുകൾ ഇളക്കി മാറ്റിയ നിലയിൽ. നിർമ്മാണം പൂർത്തിയായി ഒരു മാസത്തിന് ശേഷമാണ് സ്ലാബുകൾ രാത്രിയുടെ മറവിൽ ഇളക്കി മാറ്റിയിരിക്കുന്നത്.റോഡ് ഉന്നത നിലവാരത്തിൽ പൂർത്തീകരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിൽ നിന്നും അനുവദിച്ച രണ്ടു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 6 കലുങ്കുകളുടെ നിർമ്മാണ പ്രവർത്തികളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ എഴുമറ്റൂർ ജംഗ്ഷനും മാക്കാടിനും ഇടയിലായി പുതുതായി ഒരു വശത്ത് നിർമ്മാണം പൂർത്തിയായ കലുങ്കിന്റെ സ്ലാബുകൾ നിർമ്മാണശേഷം പൊതുമരാമത്ത് വകുപ്പ് നടത്തിയ പരിശോധനയ്ക്കു ശേഷമാണ് പൊളിച്ചു മാറ്റിയത്. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മിക്കുന്ന റോഡിന്റെ ആദ്യഘട്ടം പൂർത്തിയാകുന്നതിന് മുമ്പ് ഉണ്ടായ വീഴ്ച നിർമ്മാണ അഴിമതിയെ ചൂണ്ടിക്കാട്ടുന്നതായി നാട്ടുകാർ ആരോപിച്ചു. തുടക്കത്തിൽ തന്നെ കോൺക്രീറ്റിംഗിനായി ഉപയോഗിച്ചിരുന്ന എം.സാന്റ്, ഇരുമ്പുകമ്പികൾ, സിമന്റ് അടക്കമുള്ളവയെക്കുറിച്ച് ആരോപണം പ്രദേശവാസികൾ ഉയർത്തിയിരുന്നു. കഴിഞ്ഞ രാത്രിയിൽ ഇവിടുത്തെ സ്ലാബുകൾ നീക്കം ചെയ്തതോടെ നിർമ്മാണത്തിലെ അഴിമതി തുറന്നുകാട്ടുന്നതായും സമഗ്ര അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.