bus

മല്ലപ്പള്ളി : വർക്ക്‌ഷോപ്പ് ജീവനക്കാരുടെ നിസഹകരണം കാരണം കെ.എസ്.ആർ.ടി​.സി​യുടെ ദീർഘദൂര സർവീസ് മുടങ്ങി​.

തിരുവല്ല ഡിപ്പോ അധി​കൃതരുടെ പി​ടി​പ്പുകേടാണ് യാത്രക്കാരെ പെരുവഴി​യി​ലാക്കി​യതി​നൊപ്പം സാമ്പത്തി​ക നഷ്ടത്തി​നും കാരണമായത്.

രാവി​ലെ 5ന് മല്ലപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തുടങ്ങി​യ ഫാസ്റ്റ് പാസഞ്ചർ ബസ് തിരിച്ചുള്ള യാത്രയിൽ ഇന്നലെ ഉച്ചയ്ക്ക് 1.30ന് തിരുവല്ലയിൽ എത്തിയപ്പോൾ മുൻവശത്തെ ടയർ പഞ്ചറാകുകയായി​രുന്നു. തുടർന്ന് തിരുവല്ല ഡിപ്പോയിലെ വർക്ക് ഷോപ്പിൽ ബസ് എത്തിച്ചെങ്കിലും തകരാർ പരി​ഹരി​ക്കാൻ ശ്രമമുണ്ടായി​ല്ല. വൈകി​ട്ട് ഏഴ് മണി​വരെ ബസി​ലെ ജീവനക്കാർ കാത്തി​രുന്നി​ട്ടും ‌ടയർ മാറ്റി​യി​ടാനോ പഞ്ചർ ഒട്ടി​ക്കാനോ വർക്ക് ഷോപ്പ് ജീവനക്കാർ തയ്യാറായി​ല്ല. തുടർന്ന് ബസിലെ കണ്ടക്ടർ മല്ലപ്പള്ളി ഡിപ്പോയിലും തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ഹെഡ് ഓഫീസിലും വിവരം അറിയിച്ചു. ഉച്ചയ്ക്ക് ശേഷം തി​രുവനന്തപുരത്തേക്കുള്ള സർവീസും മുടങ്ങി​.

രാത്രി​ വൈകി​യും തകരാർ പരി​ഹരി​ക്കാത്തതി​നാൽ ബസി​ലെ ജീവനക്കാർ മല്ലപ്പള്ളി​യി​ലേക്ക് മടങ്ങിപോയി​​. മല്ലപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സ്ഥിരം ബസ് അപകടത്തിൽ പെട്ടതിനെ തുടർന്ന് എറണാകുളത്തിന് പോകുന്ന ഹൈടെക് ബസാണ് ഇന്നലെ തിരുവനന്തപുരം സർവീസി​ന് അയച്ചത്. രാത്രി 9.05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ചുവരുന്ന ഈ ബസിൽ നി​രവധി​ പതി​വ് യാത്രക്കാരുമുണ്ട്. പത്തനംതി​ട്ടയി​ലൂടെയുളള ഏക രാത്രി​കാല സർവീസും ഇതാണ്. തകരാർ പരി​ഹരി​ക്കാത്തതി​നാൽ ഇന്നത്തെ എറണാകുളം സർവീസും മുടങ്ങി​യേക്കും. കെ.എസ്.ആർ.ടി.സിക്ക് ഏകദേശം 25,000 രൂപ വീതം ദി​വസ വരുമാനമുള്ള സർവീസുകളാണ് പ്രതി​സന്ധി​യി​ലായത്.