മല്ലപ്പള്ളി : നെടുങ്കുന്നം -കുളത്തൂർമൂഴി റോഡിലെ പുന്നവേലി - അട്ടക്കുളം പാലം നിർമ്മാണം അവസാനഘട്ടത്തിൽ. സ്പാനിന്റെ കോൺക്രീറ്റിംഗ് 12.50 നീളവുംഇരുവശങ്ങളിലും 1.5 നടപ്പാതയും കൂടി 11മീറ്റർ വീതിയിലുള്ള നിർമ്മാണ പ്രവർത്തികൾ പൂർത്തിയായി.ഇരു ദിശകളിലുമായി 350 മീറ്റർ ദൂരത്തിൽ ടാറിംഗും, കൈവരികളുടെ നിർമ്മാണവുമാണ് അവശേഷിക്കുന്നത്.ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തിയുടെ നിർമ്മാണവും അട്ടക്കുളം ഭാഗത്ത് 150 മീറ്ററുംപുന്നവേലിക്കരയിൽ 200 മീറ്റർ നിലവിലുള്ള റോഡ് ഇളക്കി നിർമ്മിക്കുന്നതിനുമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഒന്നരവർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കുവാനാണ് കരാർ. മഴ മൂലമുള്ള അസൗകര്യങ്ങളാൽ നിർമ്മാണ പ്രവർത്തികൾക്ക് കാലതാമസം നേരിട്ടെങ്കിലും അടുത്ത മാസം പാലം നിർമ്മാണം പൂർത്തിയാക്കുവാൻ കഴിയുമെന്നാണ് പൊതുമരാമത്ത് പാലം വിഭാഗം അധികൃതർ പറയുന്നത്. 2020 - 2021 ലെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് 166.10 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയാണ് ലഭിച്ചിരുന്നത്. അട്ടക്കുളം തോട്ടിലെ പാലത്തിന്റെ ശോചനീയാവസ്ഥയും വീതിക്കുറവും 6പതിറ്റാണ്ടിലേറെയായി നാട്ടുകാരെയും സമീപപ്രദേശത്തുള്ളവരെയും ദുരിതത്തിലാക്കിയിരുന്നു.മണിമല ഭാഗത്തുള്ളവർക്ക് ഗതാഗത തിരക്കൊഴിവാക്കി ചേലക്കൊമ്പ്, കറുകച്ചാൽ ഭാഗത്തേക്ക് എത്തുന്നതിനുള്ള പ്രധാന മാർഗമാണിത്.പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ശബരിമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് പോകുന്നതിന് റോഡ് പ്രയോജനപ്പെടുത്തുവാൻ കഴിയും.
..................................
പാലത്തിന്റെ നിർമ്മാണം മഴ തടസപ്പെടുത്തിയത് ഒഴിവായാൽ കാര്യക്ഷമമായി നടന്നു.നിർമ്മാണം പൂർത്തിയാകുന്നതോടെ അട്ടക്കുളം - പുന്നവേലി നിവാസികൾകളുടെ അടക്കമുള്ളവരുടെ യാത്രാ ക്ലേശത്തിന് പരിഹാരമാകും
രാമചന്ദ്രൻ
(പ്രദേശവാസി)
-166.10 ലക്ഷം രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചിരുന്നു