
ജില്ലയ്ക്ക് 40 വയസ് പിന്നിടുമ്പോൾ വികസന നേട്ടങ്ങളുടെ ഒട്ടേറെ പട്ടിക തന്നെയുണ്ട് അടൂരിന്. എന്നാൽ അടിസ്ഥാന വികസന രംഗത്ത് ഇനിയും കടമ്പകൾ ഏറെ കടക്കേണ്ടതുമുണ്ട്. ജില്ലാ രൂപീകരണത്തിന് ശേഷം അടൂർ താലൂക്ക് രൂപീകരിക്കാൻ കഴിഞ്ഞതാണ് അടൂരിന്റെ വികസനത്തിന്റെ നാഴിക കല്ല്.
നേട്ടങ്ങൾ
താലൂക്ക് രൂപീകരണവും ട്രാൻ.ഡിപ്പോ അനുവദിച്ചതും തെന്നല ബാലകൃഷ്ണപിള്ള എം.എൽ.എയുടെ കാലത്താണ്. ആർ.ഉണ്ണികൃഷ്ണ പിള്ള എം.എൽ.എ ആയിരുന്നപ്പോൾ ബി.എഡ് കോളേജ് തുടങ്ങി. പിന്നാലെ അടൂർ ഫയർ സ്റ്റേഷനും കൊല്ലം - പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പാലങ്ങളും വന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആയിരുന്ന കാലഘട്ടത്തിൽ റവന്യു ടവർ, ജനറൽ ആശുപത്രിക്ക് 5 നില കെട്ടിടം, മണക്കാല എൻജിനിയറിംഗ് കോളേജ്, അപ്ളയ്ഡ് സയൻസ് കോളേജ്, കടമ്പനാട് - ഏനാത്ത് - ഏഴംകുളം - മിനി ഹൈവേ, ആംഡ് പൊലീസ് ബറ്റാലിയൻ ക്യാമ്പ് എന്നിവ അടൂരിന് സ്വന്തമായി.
കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ശ്രമഫലമായി കേന്ദ്രീയ വിദ്യാലയം, ടെലഫോൺ എക്സേഞ്ചുകൾ, ദൂരദർശൻ റിലേ കേന്ദ്രം എന്നിവയും യാഥാർത്ഥ്യമായി.
ചിറ്റയം ഗോപകുമാർ അടൂരിന്റെ നാഥനായ ശേഷം രാജ്യാന്തര നിലവാരത്തിലുള്ള കൊടുമൺ സ്റ്റേഡിയം, ആനയടി - കൂടൽ റോഡ്, സ്കൂളുകളിൽ ഡിജിറ്റൽ ക്ലാസ് മുറികൾ എന്നിവ ഒരുങ്ങി. അടൂരിന്റെ അടയാളമാകുന്ന ഇരട്ടപ്പാലം ഉദ്ഘാടനത്തിന് ഒരുങ്ങി.
അടിസ്ഥാന വിദ്യാഭ്യാസ രംഗത്ത് കോടികളുടെ വികസന പദ്ധതികൾ നടപ്പാക്കി. ആതിരമുകൾ സി.എച്ച്.സിക്ക് 25 ലക്ഷത്തിന്റെ കെട്ടിടവും പൂർത്തീകരിച്ചു.
നേടേണ്ടത്
വ്യവസായിക - കാർഷിക മേഖലയിൽ നേട്ടങ്ങളില്ല. തൊഴിൽ ശാലകളില്ല. ടൂറിസം രംഗത്ത് സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനാകുന്നില്ല. വേലുതമ്പി ദളവാ മ്യൂസിയം വികസനം, നെടുംകുന്ന് മല , പുതിയകാവിൽ ചിറ ,ആറാട്ട് ചിറ, ആതിര മല - മാവര പുഞ്ച എന്നീ ടൂറിസം പദ്ധതികൾ നിശബ്ദമായി. ഫയർ സ്റ്റേഷന് പുതിയ കെട്ടിടം വേണം. ടൗണിലെ ഗതാഗത പ്രശ്നം പരിഹരിക്കാൻ നടപ്പാലം, റിംഗ് റോഡ് എന്നിവ ആവശ്യമാണ്. ടൗൺഹാൾ, സ്റ്റേഡിയം, സാംസ്കാരിക സമുച്ചയം എന്നിവ അനിവാര്യമാണ്.