
മലയോര റാണി എന്നറിയപ്പെടുന്ന റാന്നി ജില്ലയുടെ വികസന പട്ടികയിൽ പിന്നിലാണ്. പദ്ധതികൾ ഏറെയാണെങ്കിലും പലതും പതിരായി പോയ അവസ്ഥ. റാന്നി താലൂക്കിൽ ഉൾപ്പെടുന്ന റാന്നി, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, റാന്നി പെരുനാട്, അയിരൂർ, ചെറുകോൽ, നാറാണാംമൂഴി, വടശ്ശേരിക്കര, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളും, മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന എഴുമറ്റൂർ, കോട്ടാങ്ങൽ, കൊറ്റനാട് എന്നീ പഞ്ചായത്തുകളും ചേർന്ന അല്പം വലിയ മണ്ഡലമാണ്.
എന്നാൽ പറയത്തക്ക ഉയർന്ന നിലവാരമുള്ള വികസനങ്ങൾ ഒന്നും അവകാശപ്പെടാനില്ല.
നേട്ടങ്ങൾ
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 2022 ആദ്യത്തോടെ പുനലൂർ - മൂവാറ്റുപുഴ റോഡ് വികസനം പൂർത്തിയായത് മാത്രമാണ് റാന്നിയിലെ വലിയ വികസനം. 2018 ലെ മഹാ പ്രളയവും, കൊവിഡ് മഹാമാരിയും റാന്നിയെ ഒരുപാട് പിന്നിലേക്ക് വലിച്ചു. ശബരിമല റാന്നി താലൂക്കിൽ പെരുനാട് പഞ്ചായത്തിലാണ്. ശബരിമലയുമായി അനുബന്ധിച്ച് വർഷംതോറും താലൂക്കിലെ വിവിധ റോഡുകൾ നവീകരിക്കുന്നത് വലിയ നേട്ടമാണ്.
നേടേണ്ടത്
ടൂറിസം മാപ്പിൽ ഇനിയും ഇടംനേടാൻ റാന്നിക്ക് കഴിഞ്ഞിട്ടില്ല. പെരുന്തേനരുവി വെള്ളച്ചാട്ടവും മണിയാർ ഡാം ഉൾപ്പടെ പ്രധാന കേന്ദ്രങ്ങൾ പോലും സഞ്ചാരികൾക്ക് അന്യമാണ്. ശബരിമല പിൽഗ്രിം സെന്റർ 2017 മുതൽ നിർമ്മാണം നിലച്ചു കിടക്കുകയാണ്. വർഷം തോറും ബഡ്ജറ്റിൽ പരാമർശിക്കാറുള്ള റബർ പാർക്കും റാന്നിക്ക് അന്യമാണ്. ശബരിമല വിമാനത്താവളം റാന്നിയിൽ വരുമെന്നത് പ്രചാരണം മാത്രമായി ഒതുങ്ങി. റാന്നി ഉപാസന കടവിൽ നിന്ന് പെരുമ്പുഴയിലേക്ക് നിർമ്മിക്കുന്ന പാലത്തിന്റെ പൂർത്തീകരണവും വൈകുന്നു.