തിരുവല്ല: പണിമുടക്കവകാശം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. മാർച്ച് മാസത്തിൽ നടന്ന ദ്വിദിന ദേശീയ പണിമുടക്കിനോട് അനുബന്ധിച്ച് സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിരോധിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലും പണിമുടക്കിൽ പങ്കെടുത്ത കോടതി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു വരുന്ന സാഹചര്യത്തിലുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡി.ഡി. ഓഫീസിന് മുന്നിൽനിന്നാരംഭിച്ച പ്രകടനം പി.ഡബ്ല്യു.ഡി.ഓഫീസിന് മുന്നിൽ സമാപിച്ചു. എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എസ്.ലക്ഷ്മീദേവി ഉദ്ഘാടനം ചെയ്തു.ആർ.പ്രവീൺ,പി.ജി.ശ്രീരാജ്. , മുരളീകൃഷ്ണൻ, മോളമ്മ തോമസ് എന്നിവർ സംസാരിച്ചു. പണിമുടക്കവകാശം സംരക്ഷിക്കുക എന്ന ബാഡ്ജ് ധരിച്ചാണ് ജീവനക്കാർ ജോലിക്ക് ഹാജരായത്.