കോഴഞ്ചേരി: പോക്‌സോ കേസ് പ്രതി സിറാജ്, കാട്ടൂർ പേട്ടയിൽ വച്ച് കുന്നിക്കോട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് ബന്ധുക്കളുടെ സഹായത്തോടെയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തായി. ബഹളം കേട്ട് ഒാടിക്കൂടിയ നാട്ടുകാർക്കെതിരെ കേസെടുക്കാനുള്ള പൊലീസ് നീക്കത്തിൽ പ്രതിഷേധമുയർന്നു. പൊലീസ് എത്തിയ കാറിൽ നിന്ന് പ്രതിയെ ബലമായി മോചിപ്പിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളിലുണ്ട്. കാറിന്റെ പിന്നിലെ സീറ്റിൽ ഒപ്പം ഇരുന്ന എസ്.ഐ ഫൈസലിനെ ആക്രമിച്ചാണ് പ്രതിയെ രക്ഷപ്പെടുത്തിയത്. വാഹനത്തിന്റെ ഇരു വാതിലുകളും തുറന്ന കുടുംബാംഗങ്ങൾ ഒരു ഭാഗത്ത് നിന്ന് കൂട്ടംചേർന്ന് സിറാജിനെ പുറത്തേക്ക് വലിക്കുകയും മറ്റൊരു ഭാഗത്ത് നിന്ന് ഇയാളുടെ സഹോദരി പൊലീസ് ഉദ്യോഗസ്ഥനെ എതിർഭാഗത്തേക്ക് വലിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പൊലീസ് തടയാൻ ശ്രമിക്കുമ്പോൾ പ്രതി ഒളിവിൽ കഴിഞ്ഞ സഹോദരിയുടെ വാടക വീട്ടിലേക്ക് ഓടിക്കയറി. ബഹളത്തിനിടെ ആറന്മുള പൊലീസ് എത്തിയപ്പോഴേക്കും സിറാജ് വീടിന്റെ പിൻഭാഗത്ത് കൂടി വിജനമായ റബ്ബർ തോട്ടത്തിലേക്ക് ഓടി മറഞ്ഞു. 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ കുന്നിക്കോട് പൊലീസാണ് കണമുക്ക് സ്വദേശി ചരിവുകാലായിൽ സിറാജിനെ മഫ്തിയിൽ പിടികൂടാനെത്തിയത്. കുറ്റകൃത്യത്തിനു ശേഷം ഇയാൾ സഹോദരിയുടെ കാട്ടൂർപേട്ടയിലെ വാടക വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു.
കസ്റ്റഡിയിലായ പ്രതി രക്ഷപ്പെട്ട സംഭവത്തിൽ തങ്ങൾക്കെതിരായ വകുപ്പുതല നടപടികൾ ഒഴിവാക്കാൻ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് കണ്ടാലറിയാവുന്ന നാട്ടുകാരായ 15ഓളം പേരെ കേസിൽ ഉൾപ്പെടുത്താൻ പൊലീസ് നീക്കം നടത്തുന്നുണ്ട്.