മോതിരം പണയം വച്ചത് രണ്ടായിരം രൂപയ്ക്ക്


പത്തനംതിട്ട : ഇരട്ട നരബലിയിൽ കൊല്ലപ്പെട്ട റോസ്ലിയുടെ സ്വർണമോതിരം ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും റോസ്ലിയെ വെട്ടിമുറിക്കാൻ ഉപയോഗിച്ച രണ്ടു കത്തികൾ ഭഗവൽസിംഗിന്റെ വീട്ടിലെ അടുക്കളയിൽ നിന്നും കണ്ടെടുത്തു.

റോസ്ലിയുടെ ഏഴ് ഗ്രാം മോതിരം രണ്ടായിരം രൂപയ്ക്കാണ് ഭഗവൽസിംഗ് പണയം വച്ചതെന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ പൊലീസിന് മൊഴി നൽകി. സ്ഥിരം കാണുന്ന ഇലന്തൂർ സ്വദേശിയായതിനാൽ ഭഗവൽസിംഗിൽ സംശയം തോന്നിയില്ല. മോതിരം ചളുങ്ങിയ നിലയിലായിരുന്നുവെന്നും ജീവനക്കാർ പറഞ്ഞു. പ്രതികളെ കാണാൻ ആളുകൾ തടിച്ചുകൂടിയിരുന്നു.

റോസ്ലിയുടെ മറ്റ് സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കണ്ടെത്താനുണ്ട്.

റോസ്ലിയെ വെട്ടിമുറിക്കാൻ ഉപയോഗിച്ച രണ്ടു കത്തികൾ ഭഗവൽസിംഗിന്റെ വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. വീടിനുള്ളിൽ വച്ച് റോസ്ളിയെ വെട്ടിമുറിച്ച ശേഷം അടുക്കള വാതിൽപ്പടിയിൽ വച്ച് തലയ്ക്ക് വീണ്ടും വെട്ടിയെന്ന് ഭഗവൽസിംഗും ലൈലയും മൊഴി നൽകി. വാതിൽ തുറന്നിട്ട ശേഷം വെട്ടിയത് അയൽ വീട്ടിലുള്ളവർ കണ്ടിട്ടുണ്ടാവില്ലേ എന്ന് പൊലീസ് ചോദിച്ചപ്പോൾ, അടുക്കള വാതിലിൽ നിന്ന് കാണാവുന്ന വീടുകളിൽ ആൾത്താമസമില്ലെന്ന് ഭഗവൽസിംഗ് മറുപടി നൽകി.

കൊലപാതകങ്ങൾ ഡമ്മി ഉപയോഗിച്ച് പുനരാവിഷ്‌കരിച്ചു.

റോസ്ലിയെ മറവുചെയ്ത കുഴിയിൽ നിന്ന് ഫോറൻസിക് വിഭാഗം മണ്ണ് ശേഖരിച്ചു.

ആദ്യമായാണ് റോസ്ലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തിയത്. നേരത്തെ, പദ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര പൊലീസ് നാല് തവണ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കാലടി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.


ഷാഫിയുമായി ബന്ധമുള്ള മറ്റ് പ്രതികളെ നിരീക്ഷിക്കുന്നു

നരബലി കേസിൽ ഷാഫി ഉൾപ്പെട്ട മറ്റ് ക്രിമിനൽ കേസുകളിലെ കൂട്ടുപ്രതികൾക്ക് റോസ്ലിയുടെ കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. കട്ടപ്പന, രാജകുമാരി , മലയാറ്റൂർ എന്നീ സ്ഥലങ്ങളിൽ ഷാഫി മുൻപ് താമസിച്ചിരുന്നു. ഇവിടങ്ങളിലും ഷാഫിയുമായി എത്തി തെളിവുകൾ ശേഖരിക്കേണ്ടതായുണ്ടന്ന് പൊലീസിന്റെ കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ട്