binu-thomas
ബിനു തോമസ്

ചെങ്ങന്നൂർ: നാലു ദിവസം മുൻപ് മോഷ്ടിച്ച ബൈക്കുമായി ചെങ്ങന്നൂരിലൂടെ സഞ്ചരിച്ചയാൾ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ പിടിയിലായി. റാന്നി പഴവങ്ങാടി കള്ളിക്കാട് വീട്ടിൽ ബിനു തോമസിനെയാണ് (31) ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 27ന് ചെങ്ങന്നൂർ അങ്ങാടിക്കൽ ചെറുകര മോടിയിൽ പ്രശാന്തിന്റെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ് . ചെങ്ങന്നൂരിൽ വാഹനപരിശോധനയ്ക്കിടെ ഈ ബൈക്കിൽ സഞ്ചരിച്ച പ്രതിയെ സംശയം തോന്നി വനിതാ എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തതിനെ തുടർന്നു പത്തനംതിട്ട വാര്യാപുരത്തു നിന്നു മോഷ്ടിച്ച മറ്റൊരു ബൈക്കും കണ്ടെടുത്തു. കോയിപ്രം, തിരുവല്ല, റാന്നി, പത്തനംതിട്ട, മാവേലിക്കര എന്നിവിടങ്ങളിലെ നിരവധി വാഹന മോഷണക്കേസുകളിലെ പ്രതിയാണെന്നും ശിക്ഷയ്ക്കു ശേഷം ഈ മാസം 21നു സെൻട്രൽ ജയിലിൽ നിന്നു പുറത്തിറങ്ങിയതാണെന്നും പൊലീസ് പറഞ്ഞു.