road
വെട്ടിയതോട് പാലത്തിന്റെ തൂണുകളുടെ പൈലിങ് ജോലികൾ പൂർത്തീകരിച്ച നിലയിൽ .

പടിഞ്ഞാറെ കല്ലട : പഞ്ചായത്തിലെ കോതപുരം വെട്ടിയതോട് പാലത്തിന്റെ പൈലിംഗ് ജോലികൾ പൂർത്തിയായി. തറനിരപ്പിൽ നിന്ന് ഏകദേശം 43 മീറ്ററോളം ആഴത്തിലുള്ള ചെളിയും മണ്ണും നീക്കം ചെയ്ത ശേഷമാണ് 9 തൂണുകളുടെ കോൺക്രീറ്റിംഗ് ജോലികൾ നടന്നത്. മൂന്ന് തൂണുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൈൽ ക്യാപ്പിംഗ് ജോലികളും ആരംഭിച്ചു. അഞ്ച് മാസത്തിനുള്ളിൽ പാലത്തിന്റെ നിർമ്മാണ ജോലികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് അറിയുന്നത്.

പാലത്തിന് 3.27 കോടി രൂപ

സമാന്തര റോഡിന് 2.16 കോടി രൂപ

കരാർ കാലാവധി 18 മാസം

ഇരുകരകളെയും ബന്ധിപ്പിച്ച്

കഴിഞ്ഞവർഷം നവംബർ 12 നായിരുന്നു പാലത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചത്. 3.27 കോടി രൂപ പാലത്തിനും 2.16 കോടി രൂപ സമാന്തര റോഡിനുമായി സർക്കാർ അനുവദിച്ചിട്ടുണ്ട്. 24 മീറ്റർ നീളത്തിൽ 11 മീറ്റർ വീതിയിൽ ഇരുകരകളെയും തമ്മിൽ ബന്ധിപ്പിച്ച് 9 തൂണുകളിലായിട്ടാണ് പാലം നിർമ്മിക്കുന്നത്.18 മാസമാണ് കരാർ കാലാവധി.

ലേല നടപടികൾ വൈകുന്നു.

പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ ലേല നടപടികൾ വൈകുന്നു.സമാന്തര റോഡ് നിർമ്മിക്കുന്ന സ്ഥലത്തെ പഴയ കെട്ടിടങ്ങളുടെയും മതിലുകളുടെയും ലേലനടപടികൾ വൈകുന്നത് സമാന്തര റോഡ് നിർമ്മാണത്തെ കാര്യമായി ബാധിക്കും. എം. എസ്. ടി .സി എന്ന കേന്ദ്ര ഏജൻസിയാണ് ലേല നടപടികൾ ഇ ടെണ്ടറിലൂടെ നടത്തുന്നത്.