കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയിൽ തിമിര ശസ്ത്രക്രിയ അവതാളത്തിലായിട്ട് 3 മാസമായി. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന മൈക്രോസ്കോപ്പ് തകരാറിലായതാണ് കാരണം. താലൂക്ക് ആശുപത്രിയിൽ തിമിരത്തിനുള്ള ഓപ്പറേഷൻ മുടങ്ങിയതോടെ സ്വകാര്യ ആശുപത്രികളിൽ ഓപ്പറേഷന്റെ തുക ഇരട്ടിയിലധികമായി വർദ്ധിപ്പിച്ചു. രോഗികളെ ആകർഷിക്കുന്നതിനായി നിരവധി ഓഫറുകളും സ്വകാര്യ ആശുപത്രികൾ നൽകുന്നുണ്ട്. എന്നാൽ സാധാരണ രോഗികൾക്ക് താങ്ങാവുന്ന തുകയല്ല സ്വകാര്യന്മാർ ഈടാക്കുന്നത്. താലൂക്ക് ആശുപത്രിയിൽ തിങ്കൾ, വെള്ളി ദിവസങ്ങളിലായിരുന്നു ശസ്ത്രക്രിയ നടത്തിയിരുന്നത്. ശസ്ത്രക്രിയ മുടങ്ങിയെങ്കിലും ദിവസവും നൂറോളം രോഗികൾ ചികിത്സ തേടി ഇവിടെ എത്താറുണ്ട്.
പുതിയ മൈക്രോസ്കോപ്പ് വരും
താലൂക്ക് ആശുപത്രിക്ക് പുതിയ മൈക്രോസ്കോപ്പ് വാങ്ഘാനുള്ള നടപടി ക്രമങ്ങൾ സർക്കാർ തലത്തിൽ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. കേരള ഗവ.മെഡിക്കൽ സർവീസ് കോർപ്പറേഷനാണ് സർക്കാർ ആശുപത്രികൾക്ക് ആവശ്യമുള്ള ഉപകരണങ്ങൾ വാങ്ങി നൽകുന്നത്. താലൂക്ക് ആശുപ്രത്രിയിൽ പ്രത്യേകം തയ്യാറാക്കുന്ന ഓപ്പറേഷൻ തീയേറ്ററിലാണ് മൈക്രോസ്കോപ്പ് സ്ഥാപിക്കുന്നത്. പുതിയ മൈക്രോസ്കോപ്പിന്റെ കലാവധി 10 വർഷമാണ്. ലെൻസിന്റെ വില 12 ലക്ഷത്തോളം രൂപ വരും. നിലവിലുള്ള മൈക്രോസ്കോപ്പ് വാങ്ങിയിട്ട് 12 വർഷം പിന്നിടുകയാണ്.
പുതിയ മൈക്രോസ്കോപ്പ് എത്രയും വേഗം സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ത്വരിതഗതിയിൽ നടന്ന് വരികയാണ്. ലേസർ തിമിര ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനായി സി.ആർ.മഹേഷ് എം.എൽ.എ 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ആശുപത്രി അധികൃതർ