
കൊല്ലം: നിർഗുണ - നിരാകാരമായ ബ്രഹ്മത്തെ മാതൃഭാവം സങ്കല്പിച്ച് ഉപാസിച്ചാൽ ഒരു മാതാവിന്റെ സ്ഥാനത്ത് നിന്നുകൊണ്ട് ഭക്തന്റെ ഭൗതിക ആഗ്രഹങ്ങൾ സാദ്ധ്യമാക്കി അന്ത്യകാലത്ത് മുക്തിയും പ്രദാനം ചെയ്യും. ഇത് സംബന്ധിച്ച് ധാരാളം കഥകൾ ദേവീ ഭാഗവതത്തിൽ കാണാൻ കഴിയുമെന്ന് യജ്ഞാചാര്യൻ ഭാഗവതസൂരി അശോക്.ബി കടവൂർ പറഞ്ഞു. കൊറ്റങ്കര മനയ്ക്കൽ മേലൂട്ടുകാവ് ശ്രീഭദ്രകാളി ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന ശ്രീമദ് ദേവീ ഭാഗവത നവാഹ ജ്ഞാനയജ്ഞത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ 10ന് ദേവീ ഭാഗവതത്തിലെ പ്രധാന വിഷയമായ ദേവീ ഗീതയെക്കുറിച്ച് ആചാര്യൻ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 1ന് കരിക്കോട് കുരുതി കാമൻ ക്ഷേത്ര ഭഗവദ് ഗീത - നാരായണീയ സമിതിയുടെ ഭഗവദ് ഗീതാ - നാരായണീയ പാരായണവും വൈകിട്ട് 7ന് സർവൈശ്വര്യ പൂജയും തുടർന്ന് കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റെസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ ഭഗവദ് ഗീതാ പ്രഭാഷണവും നടത്തും.