കൊല്ലം: ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷൻ നിർദ്ധന വിദ്യാർത്ഥികൾക്ക് തൊഴിൽ നൈപുണ്യം ഉറപ്പാക്കാൻ നടത്തിവരുന്ന സൗജന്യ തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്റ്റെഡ് കാൺസിലിന്റെ സർട്ടിഫിക്കറ്റോടെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സെന്ററുകളിലാണ് നാലാമത്തെ ബാച്ചിന്റെ അഡ്മിഷൻ ആരംഭിച്ചത്. ക്ലാസുകൾ 17ന് ആരംഭിക്കും. ട്യൂഷൻ ഫീ, ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും. പ്രാക്ടിക്കൽ അടക്കമുള്ള റഗുലർ ക്ലാസ് തുടങ്ങുമ്പോൾ മാസം 4000 രൂപ സ്റ്റൈപ്പന്റും ലഭിക്കും, യൂണിഫോം, സ്റ്റഡി മെറ്റീരിയൽ, സ്റ്റെഡ് കൗൺസിൽ പരിക്ഷ / രജിസ്ട്രേഷൻ ഫീസ് എന്നിവയ്ക്ക് 4500 രൂപയും തിരിച്ചുകിട്ടുന്ന 3000 രൂപ കോഷൻ ഡിപ്പോസിറ്റുമാണ് ആകെ അടയ്ക്കേണ്ടത്.
എഫ്.കെ.എച്ച്.എ ഐ.എച്ച്.എമ്മിന്റെ വെബ് സൈറ്റായ ihm.fkha.inൽ നിന്ന് ഓൺലൈനായും ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഓഫ്‌ലൈനായും അപേക്ഷിക്കാം.
രണ്ട് ബാച്ചുകളിലായി പഠനം പൂർത്തിയാക്കിയ 250 ഓളം വരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും അസോസിയേഷൻ അംഗങ്ങളുടെ സ്റ്റാർ ഹോട്ടലുകളിൽ പ്ലേസ്‌മെന്റും നൽകി.