
കൊല്ലം: സാങ്കേതിക തടസങ്ങളിൽ കുടുങ്ങി നിർമ്മാണം അനിശ്ചിതമായി നീണ്ട മൺറോത്തുരുത്തിലെ കൊന്നയിൽകടവ് പാലം യാഥാത്ഥ്യമാകുമെന്ന പ്രതീക്ഷ ഉയരുന്നു. പാലം നിർമ്മാണത്തിനായി 32 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കിഫ്ബിക്ക് കൈമാറി. മൺറോത്തുരുത്ത് നിവാസികളുടെ ദീർഘകാല ആവശ്യമായ പാലത്തിന്റെ നിർമ്മാണം 2018ൽ കരാറായിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി. സുധാകരൻ നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ചിരുന്നു.
28 കോടി രൂപയ്ക്ക് കരാറെടുത്ത് ജോലികൾ ആരംഭിച്ചെങ്കിലും അസംസ്‌കൃത വസ്‌തുക്കൾ എത്തിക്കുന്നതിന് റെയിൽവേ തടസം നിന്നതോടെ കരാറുകാരൻ ജോലി ഉപേക്ഷിച്ചു. തുടർന്ന് 34 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കിഫ്ബി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സാദ്ധ്യതാ പരിശോധന നടത്തിയിരുന്നു.
അഷ്ടമുടിയിൽ പ്ലാന്റ് സ്ഥാപിച്ച് 1.5 കിലോമീറ്റർ ജങ്കാർ വഴി കോൺക്രീറ്റ് ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്‌തുക്കൾ കൊണ്ടുവന്ന് നിർമ്മാണം പൂർത്തിയാക്കുന്ന രീതിയിലായിരുന്നു പുതുക്കിയ എസ്റ്റിമേറ്റ്. അസംസ്‌കൃത വസ്‌തുക്കളുടെ ഉപയോഗം കുറച്ച് ആധുനിക സാങ്കേതിക വിദ്യ ഉൾക്കൊള്ളിച്ച് വേഗത്തിൽ നിർമ്മിക്കുന്നതിനുള്ള സാദ്ധ്യത കൂടി പരിശോധിച്ച് തുക കുറച്ച് എസ്റ്റിമേറ്റ് പരിഷ്കരിക്കാൻ കിഫ്ബി നിർദേശിച്ചു. ഇതനുസരിച്ച് കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ 32 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുകയായിരുന്നു.
മൺറോത്തുരുത്തിന്റെ ചിരകാല ആവശ്യം
പുതുക്കിയ എസ്റ്റിമേറ്റ് കൈമാറി
ഉൾക്കൊള്ളിക്കുന്നത് ആധുനിക സാങ്കേതിക വിദ്യ
മൺറോത്തുരുത്തിനെ പെരിങ്ങാലം സ്കൂളുമായി ബന്ധിപ്പിക്കുന്ന ഏകമാർഗം
നടപ്പാലം 92ലെ പ്രളയത്തിൽ ഒഴുകിപ്പോയി
ഇപ്പോൾ ആശ്രയം കടത്തുതോണിയും കാൽനടയും
പാലത്തിന്റെ നീളം - 130 മീറ്റർ
ആദ്യ എസ്റ്റിമേറ്റ് ₹ 28.04 കോടി
പുതുക്കിയത് ₹ 34 കോടി
പാലം നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയായി. ജോലികൾ വേഗത്തിൽ തുടങ്ങാൻ കഴിയും.
ബിനു കരുണാകരൻ
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്