gandhi-
വയോജന ദിനം: ഗാന്ധിഭവനിൽ വയോജനങ്ങളെ ആദരിച്ചു

പത്തനാപുരം: ഗാന്ധിഭവനിലെ അന്തേവാസികളായ 70 പിന്നിട്ട മുഴുവൻ അന്തേവാസികളെയും പൂമാലയിട്ട് ആദരിച്ചും രാജാവിനെയും രാജ്ഞിയെയും തിരഞ്ഞെടുത്തും വയോജന ദിനം ആചരിച്ചു.

ജില്ലാ നിയമസേവന അതോറിട്ടിയും താലൂക്ക് നിയമസേവന കമ്മറ്റിയും ഗാന്ധിഭവനും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനം പുനലൂർ സ്‌​പെഷ്യൽ കോടതി ജഡ്ജ് എ.അബ്ദുൽ ജലീൽ നിർവഹിച്ചു. പത്തനാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.കെ. അശോക് അദ്ധ്യക്ഷനായി. മുതിർന്ന പൗരന്മാർക്കായുള്ള നിയമങ്ങളെക്കുറിച്ച് അഡ്വ.പിങ്കിൾ ശശി ക്ലാസെടുത്തു. കെ.എം. കൃഷ്ണൻ, ജി. രവീന്ദ്രൻ, എസ്.ഗോപാലകൃഷ്ണൻ, ടി.എം.മുഹമ്മദ് ഇക്ബാൽ, അഡ്വ.കെ.എം. രാമചന്ദ്രൻ, വർഗ്ഗീസ് അലക്‌​സാണ്ടർ എന്നിവർ പ്രസംഗിച്ചു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ നന്ദിയും പറഞ്ഞു.

തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യരുടെ ജ്യേഷ്ഠന്റെ ചെറുമകളായ ലക്ഷ്മിയും ഭർത്താവ് ലക്ഷ്മീനാരായണനുമാണ് റാണിയും രാജാവുമായി തിരഞ്ഞെടുക്കപ്പെട്ടത്. ജഡ്ജ് അബ്ദുൽ ജലീൽ ഇരുവരെയും കിരീടമണിയിച്ചു. രാജാവിന് ചെങ്കോലും നൽകി ആദരിച്ചു.