dog-
കരീപ്ര ഗവ.എൽ.പി.എസിനു മുന്നിൽ പ്രധാന നിരത്തിൽ തമ്പടിച്ചു നിൽക്കുന്ന തെരുവു നായകൾ.

എഴുകോൺ: സ്കൂളിന് മുന്നിൽ തെരുവുനായകൾ കൂട്ടത്തോടെ തമ്പടിക്കുന്നത് ആശങ്ക ഉയർത്തുന്നു.

കരീപ്ര ഗവ.എൽ.പി.എസിന് മുന്നിലാണ് നായകൾ സ്വൈരവിഹാരം നടത്തുന്നത്. ഏറെ തിരക്കുള്ള നെടുമൺകാവ് റോഡിൽ വാഹന യാത്രികർക്കും നായകൾ ശല്യമാകുന്നുണ്ട്. സ്കൂളിന് മുന്നിലെ വെയിറ്റിംഗ് ഷെഡും മിക്കപ്പോഴും നായകൾ കൈയ്യടക്കാറുണ്ട്.

പഞ്ചായത്തിന് വിളിപ്പാടകലെ

മാസങ്ങൾക്ക് മുമ്പ് സ്കൂൾ വളപ്പിൽ ചുറ്റുമതിൽ ചാടി കടന്നെത്തിയ നായകൾ മൂന്നാം ക്ളാസ് വിദ്യാർത്ഥിയെ കടിച്ച് മാരകമായി പരിക്കേൽപ്പിച്ചിരുന്നു. നായകൾ സ്കൂൾ വളപ്പിലേക്ക് കടക്കാതെ ജാഗ്രത പുലർത്തേണ്ട സ്ഥിതിയിലാണ് സ്കൂൾ അധികൃതർ. കരീപ്ര ഗ്രാമപ്പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾക്ക് വിളിപ്പാടകലെയാണ് നായകൾ വിഹാര കേന്ദ്രമാക്കിയിരിക്കുന്നത്.

നായകളെ പേടിച്ച് വഴി നടക്കാനാവില്ല

നടമേൽ ഇടയ്ക്കിടം റോഡിലും മാർഗ തടസമാകും വിധം നായകൾ തമ്പടിക്കുന്നുണ്ട്. ഇടയ്ക്കിടം മാമൂട് ബദാംമുക്ക് റോഡിൽ സന്ധ്യ കഴിഞ്ഞാൽ നായകളെ പേടിച്ച് വഴി നടക്കാൻ കഴിയില്ല. നായകൾ കൂട്ടത്തോടെ കുരച്ചു കൊണ്ട് ചാടി വീഴുക പതിവാണ്. വാക്കനാട്, കുടിക്കോട്, ചൂരപ്പൊയ്ക, ഇലയം, പ്ലാക്കോട്, ഇടിമുക്ക് , നെടുമൺകാവ്, തുടങ്ങിയ പ്രദേശങ്ങളിലും നായ ശല്യം രൂക്ഷമാണെന്ന പരാതിയുണ്ട്. പ്രഭാത സവാരിക്കും മറ്റും പോകുന്നവർ ഏറെ ഭയത്തോടെയാണ് പോകുന്നത്.
ഏറ്റുവായിക്കോട് ഏലായിലെ തരിശു നിലങ്ങൾ കേന്ദ്രീകരിച്ചും നായകൾ തമ്പടിച്ചിട്ടുണ്ട്. ഇവിടേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതാണ് നായ ശല്യത്തിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി.