arshal

കൊല്ലം: മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. ഇടുക്കി പാറേൽ കവല ഉടുമ്പന്നൂർ മനയ്ക്കമാലിയിൽ അർഷലിനെയാണ് (28) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

വള്ളിക്കാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 3,71,000 രൂപ തട്ടിയ സംഘത്തിലെ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘത്തിന് വ്യാജ ആധാർ കാർഡ് നിർമ്മിച്ച് നൽകിയ ആളാണ് ഇപ്പോൾ പിടിയിലായത്. ഇതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി.

മലപ്പുറത്ത് നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തത് ഉൾപ്പെടെ 25 ഓളം കേസുകളിൽ പ്രതിയാണ് അർഷൽ. പണയസ്വർണം വ്യാജമാണെന്ന് തിരിച്ചറിഞ്ഞ് സ്ഥാപന ഉടമ നൽകിയ പരാതിയിലാണ് തട്ടിപ്പ് സംഘത്തിലെ നിഷാദിനെ ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളെ പിടികൂടിയത്.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ സംഘം തട്ടിപ്പ് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി.

കരുനാഗപ്പള്ളി എ.സി.പി വി.എസ് പ്രദീപ് കുമാർ, ഇൻസ്‌പെക്ടർ ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ സുജാതൻ പിള്ള, കലാധരൻ പിള്ള, എ.എസ്.ഐമാരായ ഷാജിമോൻ, നിസാം, നന്ദകുമാർ, സി.പി.ഒമാരായ ഹാഷിം, ബഷീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്​തത്.