കൊല്ലം: വീടുകളിൽ നിന്നുള്ള മലിനജലം കുരീപ്പുഴയിലെ ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിക്കാനുള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ മൈക്രോ ടണലിംഗിന് ആലോചന.

കുഴിയെടുത്ത് പൈപ്പുകൾ സ്ഥാപിക്കാൻ അഞ്ചുതവണ ടെണ്ടർ ക്ഷണിച്ചിട്ടും ആരുമെത്താത്ത സാഹചര്യത്തിലാണ് പുതിയ ആലോചന. മൈക്രോ ടണലിംഗിന് സർക്കാർ അനുമതി ലഭിച്ചാൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ റോഡുകൾ വെട്ടിക്കുഴിക്കുന്നതും ഒഴിവാകും.

മൂന്ന് മീറ്റർ വീതിയും നീളവുമുള്ള കുഴികൾ സ്ഥാപിച്ച് നൂറ് മീറ്റർ വരെ അകലത്തിലേക്ക് മണ്ണ് തുരന്ന് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതാണ് മൈക്രോ ടണലിംഗ്. ആറ് മീറ്റർ വരെ ആഴത്തിൽ പൈപ്പ് സ്ഥാപിക്കേണ്ടതിനാലാണ് ആരും കരാർ ഏറ്റെടുക്കാൻ തയ്യാറാകാത്തതെന്നാണ് നിഗമനം. മണ്ണിടിയലും പ്രശ്നമാണ്.

ഇതിനിടെയാണ് മൈക്രോ ടണലിംഗ് സാങ്കേതിക വിദ്യയിൽ പദ്ധതി ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി സ്വകാര്യ കമ്പിനി വാട്ടർ അതോറിറ്റിയെ സമീപിച്ചത്.

ചെലവ് അല്പം കൂടുതലായതിനാൽ സർക്കാരിന്റെ അനുമതിയോട് കൂടിയേ കരാറിലേക്ക് നീങ്ങാനാകൂ. ഡിസംബറിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന കുരീപ്പുഴയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പൂർണതോതിൽ പ്രവർത്തിക്കണമെങ്കിലും പൈപ്പ് ലൈൻ വഴി മാലിന്യമെത്തണം.

സ്വീവേജ് പൈപ്പ് ലൈൻ ഇങ്ങനെ

 35 വർഷം മുമ്പ് വീടുകളിലെ മാലിന്യം ശേഖരിക്കാൻ നഗരത്തിൽ കൂറ്റൻ പൈപ്പ് ലൈനുകൾ സ്ഥാപിച്ചിരുന്നു

 ഇരുമ്പ് പാലം, കരുമാലി, എച്ച് ആൻഡ് സി- വാടി, എച്ച്.ആൻഡ്.സി- താമരക്കുളം എന്നീ നാല് പാക്കേജുകളായി പത്ത് നഗരസഭ ഡിവിഷനുകളിലാണ് പുതിയ പൈപ്പ് സ്ഥാപിക്കുന്നത്

 ഇവിടങ്ങളിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലമാകും കുരീപ്പുഴയിലെത്തിക്കുക

 വീടുകളിൽ നിന്ന് ചെറിയ പൈപ്പുകൾ വഴി പ്രധാന റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള വലിയ പൈപ്പുകളിലെത്തിച്ച് മലിനജലം പമ്പിംഗ് സ്റ്റേഷനിലെത്തിക്കും

 ഇവിടെ നിന്ന് പമ്പ് ചെയ്ത് കുരീപ്പുഴയിലെ ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിക്കും. 48 കിലോ മീറ്റർ നീളത്തിലാണ് വലിയ പൈപ്പ് ലൈൻ

 ഇതിൽ 35 വർഷം മുമ്പ് ഇട്ടതടക്കം 33 ശതമാനത്തോളം ഇതുവരെ സ്ഥാപിച്ചു

 ആകെയുള്ള ആറ് പമ്പിംഗ് സ്റ്റേഷനുകളിൽ നാലെണ്ണം ഭാഗികമായി പൂർത്തിയായി

പദ്ധതി ചെലവ് ₹ 128 കോടി

അധിക തുക അമൃത്- 2

പദ്ധതിയിൽ നിന്ന്

മൂന്ന് വർഷം മുമ്പ് 93.61 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. നിരക്ക് വർദ്ധനവ് വന്നതോടെ പദ്ധതി തുക 128 കോടിയായി ഉയർന്നു. അധിക തുക അമൃത്- 2 പദ്ധതിയിൽ നിന്ന് നീക്കിവയ്ക്കാനാണ് ആലോചന.

പൈപ്പുകൾ പുതുതായി കൂടുതൽ വാങ്ങേണ്ടിവരില്ല. നേരത്തെ വാങ്ങിയ പൈപ്പുകൾ വാടി, തങ്കശേരി ഭാഗങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്. പദ്ധതി തുകയുടെ പകുതിയോളം ജോലിക്കൂലിയും പൈപ്പ് സ്ഥാപിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളുടെ വാടകയുമാണ്.

വീടുകളിൽ നിന്നുള്ള ചെറിയ പൈപ്പ് ലൈൻ, ശേഷിക്കുന്ന വലിയ പൈപ്പ് ലൈൻ സ്ഥാപിക്കൽ, നാല് പമ്പിംഗ് സ്റ്റേഷനുകളുടെ പൂർത്തീകരണം, പുതിയ രണ്ടെണ്ണത്തിന്റെ നിർമ്മാണം എന്നിവയാണ് പൂർത്തിയാകാനുള്ളത്.

വാട്ടർ അതോറിറ്റി അധികൃതർ