പത്തനാപുരം : സർഗോത്സവം 2022 കുളക്കട ഉപജില്ല വിദ്യാരംഗം സാഹിത്യോത്സവം മീനം ഗവ.എൽ.പി എസിൽ നടന്നു. പത്തനാപുരം ബ്ലോക്ക് പ്രസിഡന്റ് എ.ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷിബു ഷംസുദീൻ അദ്ധ്യക്ഷനായി. കുളക്കട ഉപജില്ലയിലെ എൽ.പി മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാലയങ്ങളിൽ നിന്ന് നാനൂറോളം കുട്ടികൾ സർഗോത്സവത്തിൽ പങ്കാളികളായി. ഭരണഘടനാ ആമുഖത്തിന്റെ ദൃശ്യാവിഷ്കാരത്തോടെ ആരംഭിച്ച സർഗോത്സവത്തിൽ കഥാരചന ,കവിതാരചന ,കാവ്യാലാപനം, നാടൻപാട്ട്,ചിത്രരചന,പുസ്തക ആസ്വാദനം, അഭിനയം എന്നിവ നടന്നു. ശില്പശാലയ്ക്ക് പ്രഗത്ഭരായ അദ്ധ്യാപകർ നേതൃത്വം നൽകി. ശിൽപശാലയിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് സമാപന സമ്മേളനത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സർട്ടിഫിക്കറ്റും ട്രോഫിയും നൽകി. സമാപന സമ്മേളനം പട്ടാഴി വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് വി.പി.രമാദേവി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മസൂദ്ഖാൻ അദ്ധ്യക്ഷനായി. കുളക്കട ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഹരികൃഷ്ണൻ ആർ.എസ് പതിപ്പുകളുടെ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ജനപ്രതിനിധികൾ , വിദ്യാരംഗം കോ - ഓർഡിനേറ്റേഴ്സ് എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്.എം പി.ഗീത സ്വാഗതവും . സ്റ്റാഫ് സെക്രട്ടറി ആർ .എസ്.സ്നേഹലത നന്ദിയും പറഞ്ഞു.