
കരുനാഗപ്പള്ളി: കനാലിൽ ചാടിയ പ്ളസ് ടു വിദ്യാർത്ഥിയുടെ ജഡം കണ്ടെത്തി.
വലിയഴീക്കൽ സ്കൂളിലെ വിദ്യാർത്ഥിയായ ആലപ്പാട് പറയകടവ് തൈക്കാട്ടുശേരിയിൽ പ്രജീഷ് കുമാർ - റാണി ദമ്പതികളുടെ മകൻ അനന്തപത്മനാഭനാണ് (16) മരിച്ചത്.
2ന് വൈകിട്ട് 5 ഓടെയാണ് അനന്തപത്മനാഭനെ കാണാതായത്. അന്നേദിവസം അനന്തപത്മനാഭൻ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടിരുന്നു. തുടർന്ന് വീട്ടിലെത്തി ആശുപത്രിയിൽ പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ അനന്തപത്മനാഭനെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അനന്തപത്മനാഭൻ കനാലിലേയ്ക്ക് ചാടുന്ന സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് ടി.എസ് കനാലിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം ഇന്നലെ വെളുപ്പിന് 2.30 ഓടെ നാട്ടുകാർ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരൻ: അശ്വിൻകൃഷ്ണ.