eela-
: പാട്ടു പുരയ്ക്കൽ ഏലായിൽ 2020 ൽ അനുവദിച്ച സംരക്ഷണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ .

എഴുകോൺ : കരീപ്രയിലെ ഏലാ തോടുകളുടെ നവീകരണത്തിന് മൈനർ ഇറിഗേഷന് പുതിയ പദ്ധതികളില്ലെന്ന് അധികൃതർ വ്യക്തമാക്കി. മടന്തകോട് പിറങ്കൽ ഏലായിൽ തോട് തകർന്ന് നെൽക്കൃഷി അവതാളത്തിലായെന്ന കേരളകൗമുദി വാർത്തയോടുള്ള പ്രതികരണമായാണ് ഇക്കാര്യം പറഞ്ഞത്.

ഫണ്ടിന്റെ ലഭ്യതക്കുറവാണ് പ്രധാന കാരണം. 11 പഞ്ചായത്തുകളാണ് മൈനർ ഇറിഗേഷൻ കൊട്ടാരക്കര ഓഫീസിന്റെ പരിധിയിലുള്ളത്. മുൻപ് അനുമതി ലഭിച്ചത് ഉൾപ്പെടെ 1.2 കോടിയുടെ പദ്ധതികളാണ് ഇപ്പോൾ നടന്നു വരുന്നത്.

നെൽക്കൃഷി അവസാനിപ്പിക്കാൻ ക‌ർഷകർ

പലയിടത്തും പഞ്ചായത്തുകൾ പണം നൽകിയാണ് തോടുകളുടെ നവീകരണം നടത്തുന്നത്. വെട്ടിക്കവലയിൽ 65.3 ലക്ഷത്തോളം രൂപയുടെയും കുളക്കടയിൽ 68.5 ലക്ഷത്തോളം രൂപയുടെയും പ്രവർത്തികൾ നടക്കുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പഞ്ചായത്തുകൾക്ക് പണം ഡിപ്പോസിറ്റ് ചെയ്ത് വർക്ക് നടത്താൻ കഴിയില്ല. കരീപ്രയിൽ 2018 - 19 ലും 2020 ലും അനുവദിച്ച ചില വർക്കുകളാണ് ഇപ്പോൾ നടന്നു വരുന്നത്. തളവൂർക്കോണം പാട്ടു പുരയ്ക്കൽ ഏലായിലെ തോടിന്റെ നവീകരണമാണിത്. 2020 ജൂണിൽ കരാർ ഒപ്പിട്ട മുരിങ്ങൂർ ക്ഷേത്രം ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാക്കിയിട്ടില്ല. സർക്കാർ പണം നൽകാത്തതിനാൽ മൈനർ ഇറിഗേഷനും നിസഹായാവസ്ഥയിലാണ്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ നെൽക്കൃഷി അവസാനിപ്പിക്കേണ്ട ഗതികേടിലാണ്

കൃഷി വികാസ് യോജനയും നടപ്പായില്ല

2018 - 19-ൽ അയർക്കാട് ക്ഷേത്ര പരിസരത്തെ തോട്ടിൽ 15 ലക്ഷം രൂപയുടെ സംരക്ഷണ പ്രവർത്തികൾ മൈനർ ഇറിഗേഷൻ നടത്തിയിരുന്നു. പാട്ടു പുരയ്ക്കലിന് പുറമേ മടന്തകോട്, കുന്നിൻവട്ടം, ഇടയ്ക്കിടം തുടങ്ങിയ ഏലാ തോടുകളും അടിയന്തരമായി സംരക്ഷിക്കേണ്ട പട്ടികയിലുള്ളതാണ്.

കൃഷി വകുപ്പിന്റെ എൻജിനീയറിങ്ങ് വിഭാഗം കരീപ്രയിലെ ഏലാകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചില പദ്ധതികൾ തയ്യാറാക്കിയിരുന്നു. രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ ഉൾപ്പെടുത്തി നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. അനുമതി കിട്ടാതെ വന്നതോടെ പിന്നീടിത് ഉപേക്ഷിക്കേണ്ടി വന്നു. കൃഷി വികാസ് യോജനയിൽ നേരിട്ടുള്ള കാർഷിക വികസനത്തിന് ഊന്നൽ നൽകണമെന്ന നയമാണ് വിലങ്ങു തടിയായത്.