പുനലൂർ: അതിർത്തി വഴി രേഖകളില്ലാതെ തമിഴ്നാട്ടിൽ നിന്ന് മാരുതി കാറിൽ കടത്തിക്കൊണ്ട് വന്ന മൂന്ന് കിലോ സ്വർണാഭരണങ്ങളുമായി മൂന്നുപേർ ആര്യങ്കാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ പിടിയിലായി.
മലപ്പുറം സ്വദേശികളായ സക്കീർ, ദാസ്, കാർ ഡ്രൈവർ ഷാഫി എന്നിവരെയാണ് പിടികൂടിയത്.
ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു സംഭവം. മലപ്പുറത്ത് പുതുതായി ആരംഭിക്കുന്ന ജൂവലറിയിലേക്ക് തെങ്കാശിയിൽ നിന്ന് കൊണ്ടുവന്ന സ്വർണാഭാരണങ്ങളാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞു. മാലയടക്കമുള്ള ഉരുപ്പടികൾ തെങ്കാശിയിൽ നിന്ന് ലേലത്തിൽ പിടിച്ചതാണെന്നും ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. രണ്ട് പൊതികളിലാക്കിയ സ്വർണമാണ് കാറിൽ നിന്ന് പിടികൂടിയത്. കഴിഞ്ഞ ആഴ്ചയിൽ കായനെല്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് കെ.എസ്.ആർ.ടി.സി ബസിൽ കടത്തിക്കൊണ്ടുവന്ന 27 ലക്ഷം രൂപയുമായി തമിഴ്നാട് സ്വദേശിയെ ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടിയിരുന്നു. എക്‌സൈസ് ചെക്ക് പോസ്റ്റിലെ സി.ഐ ബൈജു, എസ്.ഐ രജീഷ്, സി.ഒമാരായ സൂരജ്, അബ്ദുൽ എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണാഭരണങ്ങൾ പിടികൂടിയത്. സ്വർണാഭാരണങ്ങളും പ്രതികളെയും ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് അധികൃതർ പറഞ്ഞു.