 
കരുനാഗപ്പളി : വിജയദശമി ദിനത്തിൽ കുരുന്നുകളുടെ നാവിൻ ആദ്യക്ഷരം കുറിച്ച് രക്ഷിതാക്കൾ സായൂജ്യരായി. ക്ഷേത്രങ്ങൾ, വായനശാലകൾ, ആശ്രമങ്ങൾ, ഗുരുക്ഷേത്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു വിദ്യാരംഭ ചടങ്ങുകൾ നടന്നത്. മാതാഅമൃതാനന്ദമയി ആശ്രമത്തിൽ വിദ്യാരംഭത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു. ആശ്രമത്തിലെ കളരിയിൽ പുലർച്ചെ ഗണപതി ഹോമത്തോടെ പരിപാടികൾക്ക് തുടക്കമായി.
വിദ്യാഗോപാല മന്ത്രാർച്ചന, സരസ്വതീപൂജ എന്നിവ നടന്നു. തുടർന്ന് മാതാഅമൃതാനന്ദമയി ദേവി കുഞ്ഞുങ്ങളുടെ നാവിൽ തുമ്പിൽ ആദ്യക്ഷരം കുറിച്ചു. തുടർന്ന് അരി നിറച്ച തളികയിൽ കുഞ്ഞുങ്ങളുടെ വിരൽ പിടിച്ച് അക്ഷങ്ങൾ എഴുതിക്കുകയും ചെവിയിൽ മന്ത്രം ചൊല്ലിക്കൊടുക്കുകയും ചെയ്തു. 100 ഓളം കുഞ്ഞുങ്ങൾ അമൃതപുരിയിൽ അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ എത്തിയിരുന്നു. ആശ്രമത്തിലെത്തിയ കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും ഭക്തർക്കും അമ്മ പ്രസാദം നൽകി അനുഗ്രഹിച്ചു.
പന്മന ആശ്രമത്തിൽ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമിയുടെ മഹാസമാധി പീഠത്തിൽ പൂജയെടുപ്പ്, വിദ്യാരംഭം, വിദ്യാഗോപാലമന്ത്രാർച്ചന, ത്രിപുര സുന്ദരി പ്രസാദ പൊങ്കാല എന്നിവ നടന്നു. വിദ്യാരംഭ ചടങ്ങുകൾക്ക് പന്മന ആശ്രമാചാര്യൻ സ്വാമി നിത്യ സ്വരൂപാനന്ദ, സ്വാമി സർവ്വാത്മാനന്ദതീർത്ഥപാദർ എന്നിവർ കുരുന്നുകൾക്ക് വിദ്യാരംഭം കുറിച്ചു. 100ൽ പരം കുരുന്നുകൾ ചടങ്ങുകളിൽ പങ്കെടുത്തു.
പടനായർകുളങ്ങര തെക്ക് തോണ്ടലിൽ ശ്രീ ദേവീ നാഗാരാജ ക്ഷേത്രത്തിൽ പുലർച്ചെ ഗണപതിഹോമം, സരസ്വതീ പൂജ എന്നിവയോടെയാണ് വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായത്. ഡോ. വള്ളിക്കാവ് മോഹൻ ദാസ് കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിച്ചു. എസ്.വേണു ചടങ്ങുകൾക്ക് നേതൃത്വം നൽകി. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നിയന്ത്രണത്തിലുള്ള ഓച്ചിറ ശ്രീനാരാണ മഠത്തിൽ വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. നിരവധി കുഞ്ഞുങ്ങൾ ആദ്യാക്ഷരംകുറിക്കാൻ ശ്രീനാരായണ മഠത്തിലെത്തിയിരുന്നു.