കൊല്ലം: വിജയദശമി ദിനത്തിൽ സരസ്വതി മന്ത്രങ്ങളാൽ ഭക്തിസാന്ദ്രമായ കൊല്ലം ശാരദാമഠത്തിൽ കുരുന്നുകൾ ആദ്യക്ഷര മധുരം നുകർന്നു. കേരളകൗമുദിയുടെയും ശാരദാമഠത്തിന്റെയും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ശാരദാമഠത്തിലെ വിദ്യാരംഭം.
ചിരിച്ചും ചിണുങ്ങിയും അച്ഛനമ്മമാരുടെ ഒക്കത്തിരുന്ന് അതിരാവിലെ മുതൽ തന്നെ കുരുന്നുകൾ ശാരദാസന്നിധിയിലേക്ക് എത്തിക്കൊണ്ടിരുന്നു. നേര്യതുടുത്ത് ശാരദാദേവിയെ വലംവച്ച് തൊഴുത് ചന്ദനക്കുറി ചാർത്തി കുരുന്നുകൾ വിദ്യാരംഭത്തിനായി പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്കെത്തി. പിന്നെ ഗുരുനാഥന്മാർ ചൂണ്ടുവിരൽ പിടിച്ച് പച്ചരി നിറച്ച താലത്തിൽ ആദ്യക്ഷരങ്ങൾ കുറിച്ചു. കുരുന്നുകളുടെ കാതിലൂടെ ഹൃദയത്തിലേക്കും ഗുരുനാഥന്മാർ ആദ്യക്ഷരങ്ങൾ പകർന്നുനൽകി. ചിലർ പുഞ്ചിരിയോടെ അക്ഷരങ്ങൾ കുറിച്ചപ്പോൾ മറ്റു ചിലർ ചെറുതായൊന്നു വിതുമ്പി. അറിവിന്റെ ആദ്യമധുരം നുകർന്ന ശേഷം ശാരദാദേവിയെ വീണ്ടും വലം വച്ച് തൊഴുത ശേഷമാണ് കുരുന്നുകൾ മടങ്ങിയത്.
കേരള കൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, ഡോ. ആർ. സുനിൽ കുമാർ, ഡോ. നിഷ ജെ. തറയിൽ, ഡോ. വസന്തകുമാർ സാംബശിവൻ, പ്രൊഫ. കെ. സാംബശിവൻ, വി. വിജയൻ, എസ്. നിഷ, ഡോ. ഡി. ചന്ദ്രബോസ്, ആർ. സിബില, എസ്. പ്രിയദർശിനി, ഡോ. സി. അനിത ശങ്കർ, ഡോ. എസ്. സുലേഖ, ഡോ. മേഴ്സി ബാലചന്ദ്രൻ, ഡോ. പ്രഭ പ്രസന്നകുമാർ, പ്രൊഫ. ടി.വി. രാജു, ഡോ. എം. ദേവകുമാർ, ഡോ. ആർ. ബിന്ദു, എം.സി. രാജിലൻ, ഡോ. എൻ. ശ്രീജ, പ്രൊഫ. രാജു, ടി.കെ. ചന്ദ്രശേഖരൻ തന്ത്രി, ഡോ. അപർണ സുധീർ, പി.ജെ. അർച്ചന, ദീഷ്‌മ വി. ദിനേശ് തുടങ്ങിയവർ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നുനൽകി. കേരളകൗമുദിയുടെ നേതൃത്വത്തിൽ ആദ്യക്ഷരം കുറിക്കുന്നതിന്റെ ചിത്രങ്ങളും തത്സമയം സൗജന്യമായി വിതരണം ചെയ്തു.