ochira

തഴവ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ഇരുപത്തിയെട്ടാം ഓണാഘോഷം പതിനായിരങ്ങളെ സാക്ഷിനിറുത്തി പടനിലത്ത് ഇന്നലെ അരങ്ങേറി. രാവിലെ മുതൽ തന്നെ ഓണാട്ടുകരയിലെ ഒരോ വഴികളും ഉത്സവലഹരിയിലായിരുന്നു. ഉച്ചയ്ക്ക് ഒന്നോടെയാണ് കരകളിൽ നിന്ന് കെട്ടുരുപ്പടികൾ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിയത്.

വാദ്യമേളങ്ങൾ, മുത്തുക്കുടകൾ, ഫ്ലോട്ടുകൾ എന്നിവയുടെ അകമ്പടിയോടെ നൂറ് കണക്കിന് യുവാക്കൾ ചേർന്നാണ് കെട്ടുരുപ്പടികളെ ക്ഷേത്രത്തിലേക്ക് ആനയിച്ചത്. ഒരടി മാത്രം ഉയരമുള്ള ലോഹനിർമ്മിത കെട്ടുകാളകൾ മുതൽ അംബരചുംബികളായ അതിശയ കാഴ്ചകൾ വരെയാണ് പടനിലത്തെ പകൽപ്പൂരത്തെ വർണാഭമാക്കിയത്.

കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ അൻപത്തിരണ്ട് കരകളിൽ നിന്നായി ഇരുന്നൂറോളം കെട്ടുകാളകളാണ് ഇത്തവണ പടനിലത്ത് എത്തിയത്. ഉയരം, കെട്ടുഭംഗി, നെറ്റിപ്പട്ടം,ശിരസുകളുടെ ശിൽപ്പ ചാതുര്യം തുടങ്ങി ഓരോ കെട്ടുരുപ്പടികളും മറ്റൊന്നിൽ നിന്ന് വ്യത്യസ്തമായിരുന്നു. അറുപത്തിനാലടി ഉയരമുള്ള ഞക്കനാൽ കരയിലെ കാലഭൈരവൻ, അറുപതടി ഉയരമുള്ള കൃഷ്ണപുരം കരയിലെ ഓണാട്ട് കതിരവൻ എന്നീ കെട്ടുകാളകൾ ഇത്തവണയും ഉയരം കൊണ്ട് പൂരത്തിൽ മേൽക്കൈ നേടി. മുപ്പത് മുതൽ നാൽപ്പത് അടിവരെ ഉയരമുള്ള പതിനേഴും, ഇരുപത് മുതൽ മുപ്പതടി വരെ ഉയരമുള്ള അൻപത്തിരണ്ടും, പതിനഞ്ച് അടിക്ക് മേൽ ഉയരമുള്ള മുപ്പത്തിരണ്ടിൽപ്പരം കെട്ടുരുപ്പടികളും പൂരത്തിന് മാറ്റുകൂട്ടി.

പുലർച്ചെ മുതൽ ക്ഷേത്രത്തിൽ വൻ തിരക്ക് അൻുഭവപ്പെട്ടു. ഉച്ചകഴിഞ്ഞതോടെ കാണികളുടെ ഒഴുക്കായിരുന്നു പടനിലത്തേക്ക്. നേരത്തേ തന്നെ ആൽത്തറകൾക്ക് മുകളിലും വിവിധ കെട്ടിടക്കൾക്ക് മുകളിലും കാഴ്ചക്കാർ ഇടംപിടിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ശക്തമായ പൊലീസ് നിയന്ത്രണത്തോടെയായിരുന്നു കെട്ടുത്സവം നടത്തിയത്. ചിങ്ങത്തിലെ തിരുവോണം കഴിയുന്നതോടെയാണ് കാളകെട്ട് സമിതികൾ കെട്ടുരുപ്പടികൾ തയ്യാറാക്കി തുടങ്ങുന്നത്. ചട്ടം ഒരുക്കൽ, വയ്ക്കോൽ ശേഖരണം, തുണി ചട്ടയുടെ കേടുപാടുകൾ തുന്നിചേർക്കൽ തുടങ്ങിവയ്ക്ക് ഓരോ വർഷവും ജന പിന്തുണ ഏറിവരികയാണ്. വലതുവശത്ത് ചുവപ്പ് നിറത്തിലും ഇടതുവശത്ത് വെള്ള നിറത്തിലുമായി നുകത്തിൽ കെട്ടിയ നിലയിലുള്ള രണ്ട് കാളകളെയാണ് കെട്ടുത്സവത്തിനായി തയ്യാറാക്കുന്നത്. ആദ്യകാലത്ത് ഓണാട്ടുകരയിലെ കാർഷിക ഉത്സവമായിട്ടായിരുന്നു ഇരുപത്തിയെട്ടാം ഓണാഘോഷം നടത്തിയിരുന്നത്. പിന്നിട് ഭക്തിനിർഭരമായ ചടങ്ങുകളോടെ കെട്ടുത്സവം ക്രമീകരിച്ചു. കെട്ടുരുപ്പടികൾ കൂടാതെ ജീവനുള്ള കാളകളെ ഉപയോഗിച്ച്‌ നടത്തുന്ന പരമ്പരാഗത ഋഷഭ ഘോഷയാത്രകൾ, വാഹനത്തിൽ തൊഴുത്ത് ക്രമീകരിച്ച് ഋഷഭ എഴുന്നള്ളത്ത് എന്നിവയും ഉത്സവത്തിലെ വേറിട്ട കാഴ്ചകളാണ്. ഇന്ന് ഒരു ദിവസം കൂടി പ്രദർശനത്തിന് വച്ച ശേഷമേ കെട്ടുരുപ്പടികൾ അഴിച്ചിറക്കുകയുള്ളു.