 
കൊട്ടാരക്കര: ടൗണിലെ ഇടറോഡുകളെല്ലാം തകർന്നു തരിപ്പണമായി. അറ്റകുറ്റപ്പണിക്ക് നടപടിയില്ല. പി.ഡബ്ള്യു.ഡി റോഡുകളും ദേശീയ പാതകളും തകർന്നതോടെ പഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള ഇടറോഡുകളെ കുറിച്ചു പരാതി പറയുവാൻ പോലും ആരും തയ്യാറാകുന്നില്ല.
കാൽനടയാത്രപോലും അസാദ്ധ്യം
ടൗണിലെ ഗവ. ബോയ്സ് ഹൈസ്കൂളിന് സമീപത്തു നിന്ന് ഗേൾസ് ഹൈസ്കൂളിലേക്കുള്ള റോഡ് ടാറും മെറ്റലുമിളകി, പടുകുഴികൾ രൂപപ്പെട്ടു. ഇതുവഴി കാൽനടയാത്രപോലും അസാദ്ധ്യമാണ്.
സ്ഥലം എം.പിയുടെ ഓഫീസ്, പൊലീസ് ക്വാർട്ടേഴ്സ് ഗേൾസ് ഹൈസ്കൂൾ, ബി.ആർ.സി സെന്റർ, യു.ഐ.ടി, ടൗൺ യു.പി സ്കൂൾ, ഏഷ്യാനെറ്റ് കേബിൾ വിഷൻ ഓഫീസ് തുടങ്ങിയ നിരവധി ഓഫീസുകൾ സ്ഥിതി ചെയ്യുന്ന ഈ ഭാഗത്തെ ഇടറോഡാണ് ഇത്രത്തോളം തകർന്നു കിടക്കുന്നത്.
നാട്ടുകാരുടെ ദുരിതം പരിഹരിക്കണം
നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും കാൽനടയായും മറ്റും പോകുന്ന റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നഗരസഭയാണ് ഈ റോഡ് റീടാർ ചെയ്ത് നാട്ടുകാരുടെ ദുരിതം പരിഹരിക്കേണ്ടത്.