shibu

കൊല്ലം: ഓണാഘോഷപരിപാടി കഴിഞ്ഞ് റോഡ് സൈഡിൽ കിടന്നുറങ്ങുകയായിരുന്ന രണ്ട് യുവാക്കൾ കാർ കയറി മരിച്ചു. കോട്ടുവൻകോണം സുശീല ഭവനിൽ സുരേഷിന്റെ മകൻ ഷിബു (35), പാരിപ്പള്ളി എഴിപ്പുറം ലക്ഷംവീട് കോളനിയിൽ അബ്ദുൾ സമദിന്റെ മകൻ സജാദ് (34) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 11.50 ഓടെ പരവൂർ -ചാത്തന്നൂർ റോഡിൽ കോട്ടുവൻകോണം വിഷ്ണു ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം. സമീപത്തെ ക്ലബിലെ ഓണപ്പരിപാടി കഴിഞ്ഞ് ഇരുവരും വീട്ടിലേക്ക് പോകാൻ ഒരുങ്ങിയെങ്കിലും ബൈക്ക് തകരാറിലായി. പലതവണ സ്റ്റാർട്ടാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. ഇതോടെ ഇരുവരും റോഡ് വക്കിൽ കിടക്കുകയായിരുന്നു. ഈ സമയത്ത് പരവൂർ ഭാഗത്തുനിന്ന് പാരിപ്പള്ളി ഭാഗത്തേക്ക് അമിത വേഗത്തിൽ വന്ന കാർ ഇരുവരുടെയും ശരീരത്തിൽ കൂടി കയറിയിറങ്ങുകയായിരുന്നു. അപകട ശേഷം വേഗം കുറച്ച കാർ വീണ്ടും അതിവേഗം പാഞ്ഞുപോയി.

ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ദീപാലങ്കാരങ്ങൾ ഉണ്ടായിരുന്നതിനാൽ റോഡിൽ വെളിച്ചമുണ്ടായിരുന്നെങ്കിലും റോഡിൽ ആളുകൾ കിടന്നത് ശ്രദ്ധയിൽപ്പെടാതിരുന്നതാകാം അപകടകാരണമെന്ന് പരവൂർ പൊലീസ് പറഞ്ഞു. ക്ലബ് പ്രവർത്തകർ ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

സജാദിന്റെ തലയ്ക്കും ഷിബുവിന്റെ അര ഭാഗത്തുമാണ് ഗുരുതരമായി പരിക്കേറ്റത്. സജാദിനെയും വലിച്ചുകൊണ്ട് കാർ അല്പദൂരം മുന്നോട്ട് പോവുകയും ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്‌ വിട്ടുകൊടുത്തു. ഷിബുവിന്റെ മാതാവ്: സുശീല, സഹോദരങ്ങൾ: ഷൈജു, ഷിജു. സജാദിന്റെ മാതാവ്: ഷാഹിദ, ഭാര്യ റൈഹാന എഴ് മാസം ഗർഭിണിയാണ്. നിറുത്താതെ പോയ കാറിനായി പരവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.