അഞ്ചൽ: ഗുരുദേവ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ സ്വാമി ഏരൂർ വാസുദേവന്റെ പ്രവർത്തനങ്ങൾ മാതൃകയാണെന്ന് ശബരിഗിരി ഗ്രൂപ്പ് ചെയർമാനും ഗുരുധർമ്മ പ്രചരണസഭ പുനലൂർ താലൂക്ക് പ്രസിഡന്റുമായ ഡോ.വി.കെ. ജയകുമാർ പറഞ്ഞു. തൊണ്ണൂറ്റിരണ്ട് വയസിലെത്തിയ ശിവഗിരി മഠത്തിലെ സ്വാമിയായിരുന്ന ഏരൂർ വാസുദേവനെ സി.കേശവൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിക്കാൻ ചേർന്ന യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗുരുധർമ്മം ജീവിതത്തിൽ പ്രാവർത്തികമാക്കിയ സ്വാമി നല്ലൊരു ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്രമ ജീവിതം നയിക്കുന്ന സ്വാമിയുടെ ഭവനത്തോട് ചേർന്ന ഗുരുമന്ദിരഹാളിൽ നടന്ന ചടങ്ങിൽ സമിതിപ്രസിഡന്റ് അനീഷ് കെ. അയിലറ അദ്ധ്യക്ഷത വഹിച്ചു. ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജയൻ, എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പറും രചനാഗ്രാനൈറ്റ്സ് എം.ഡി യുമായ കെ.യശോധരൻ, അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.കെ.വി. തോമസ് കുട്ടി, എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, ലയൺസ് ഇന്റർനാഷണൽ മുൻ ഡിസ്ട്രിക്റ്റ് ഗവർണർ അഡ്വ.ജി. സുരേന്ദ്രൻ, ഗുരുധർമ്മ പ്രചരണസഭ ജില്ലാ കമ്മിറ്റി അംഗവും സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് റിട്ട. അഡി. ഡയറക്ടറുമായ കെ.നടരാജൻ, സ്വാമീസ് വാസ്തു ഡിസൈൻസ് ഡയറക്ടർ അഞ്ചൽ രാജേന്ദ്രൻ സ്വാമി, അഞ്ചൽ മുസ്ലീം ജമാ അത്ത് മുൻ പ്രസിഡന്റ് ഫസിൽ അൽ അമാൻ, മുരളീധരൻ തഴമേൽ, അഞ്ചൽ ജഗദീശൻ തുടങ്ങിയവർ പങ്കെടുത്തു.