cpi

■സി.പി.ഐ ദേശീയ സമ്മേളന പതാക കൈമാറി

കൊല്ലം: ചെറുപ്പക്കാർക്ക് വേണ്ടിയാണ് പാർട്ടിയിൽ പ്രായപരിധി നടപ്പാക്കിയതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. വിജയവാഡയിൽ ഒക്ടോബർ 13 മുതൽ 18 വരെ നടക്കുന്ന 24ാം പാർട്ടി കോൺഗ്രസിൽ ഉയർത്തുന്നതിനുള്ള പതാക കൊല്ലം നഗരത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ എ.ഐ.വൈ.എഫ് ജനറൽ സെക്രട്ടറി ആർ. തിരുമലൈ, എ.ഐ.എസ്.എഫ് ജനറൽ സെക്രട്ടറി വിക്കി മഹേശ്വരി എന്നിവർക്ക് കൈമാറുകയായിരുന്നു അദ്ദേഹം.

പാർട്ടിക്ക് കഴിഞ്ഞ കാലയളവിൽ ഏറെ മുന്നോട്ടുപോകാൻ കഴിഞ്ഞു. രാജ്യത്തെ വോട്ടർമാരിൽ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്. ആ ചെറുപ്പക്കാരുടെ വികാരം പങ്കിടാൻ പ്രാപ്തമാക്കുകയാണ് പാർട്ടിയുടെ ഉദ്ദേശ്യമെന്നും കാനം പറഞ്ഞു. ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ അദ്ധ്യക്ഷനായി. ആർ. തിരുമലൈ, വിക്കി മഹേശ്വരി, മുല്ലക്കര രത്‌നാകരൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ ആർ. വിജയകുമാർ സ്വാഗതം പറഞ്ഞു. കെ. പ്രകാശ് ബാബു, കെ.ആർ. ചന്ദ്രമോഹനൻ, ടി.ടി. ജിസ്‌മോൻ, അരുൺ, പി. കബീർ തുടങ്ങിയവർ പങ്കെടുത്തു.