sign

കൊല്ലം: കോർപ്പറേഷനിൽ സൂപ്രണ്ടിംഗ് എൻജിനിയറുടെ വ്യാജ ഒപ്പിട്ട് കരാറുകാർക്ക് നിക്ഷേപത്തുക കൈമാറി. ഇതുവരെ നാല് കരാറുകളുടെ നിക്ഷേപത്തുക വ്യാജ ഒപ്പിട്ട് ട്രഷറിയിൽ നിന്ന് പിൻവലിച്ചെന്നാണ് കണ്ടെത്തൽ.

സംഭവത്തിൽ കോർപ്പറേഷന്റെ അഭ്യന്തര അന്വേഷണത്തിന് പുറമേ സൂപ്രണ്ടിംഗ് എൻജിനിയറുടെ പരാതിയിൽ കൊല്ലം ഈസ്റ്റ് പൊലീസും അന്വേഷണം ആരംഭിച്ചു. ഒരാഴ്ച മുമ്പ് സൂപ്രണ്ടിംഗ് എൻജിനിയറുടെ ഒപ്പിൽ സംശയം തോന്നിയ ട്രഷറി ജീവനക്കാരൻ സൂപ്രണ്ടിംഗ് എൻജിനിയറെ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.

നിർമ്മാണ പ്രവൃത്തികളുടെ എസ്റ്റിമേറ്റിന്റെ അഞ്ച് ശതമാനമാണ് കരാർ വയ്ക്കുമ്പോൾ കരാറുകാർ ട്രഷറി നിക്ഷേപമായോ ബാങ്ക് ഗ്യാരന്റിയായോ കോർപ്പറേഷന് നൽകുന്നത്. പ്രവൃത്തിയിൽ വീഴ്ച കണ്ടെത്തിയാൽ ഈടാക്കാനാണ് ഇങ്ങനെ നിക്ഷേപത്തുക വാങ്ങുന്നത്. എൻജിനിയറിംഗ് വിഭാഗം പ്രവൃത്തി പരിശോധിച്ച് പോരായ്മകൾ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിന് പുറമേ ഗ്യാരന്റി കാലാവധിയും കഴിഞ്ഞ ശേഷമാണ് തുക തിരിച്ചുനൽകുന്നത്. ഇതിന് കരാറുകാരൻ അപേക്ഷ നൽകണം. ഇതിന്റെ അടിസ്ഥാനത്തിൽ സൂപ്രണ്ടിംഗ് എൻജിനിർ റിലീസിംഗ് ഓർഡർ സഹിതമുള്ള കത്ത് ട്രഷറിക്കോ ബാങ്കിനോ നൽകും.

എന്നാൽ കോർപ്പറേഷന്റെ പ്രവൃത്തി ചെയ്ത ഒരു കരാറുകാരൻ ട്രഷറിയിൽ നൽകിയ റിലീസിംഗ് ഓർഡറിലെയും കത്തിലെയും സൂപ്രണ്ടിംഗ് എൻജിനിയറുടെ ഒപ്പിൽ വലിയ അന്തരങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ സമാനമായ നാല് നിക്ഷേപത്തുകകൾ കൂടി വ്യാജ ഒപ്പിട്ട് ട്രഷറിയിൽ നിന്ന് പിൻവലിച്ചതായി കണ്ടെത്തി. നേരത്തെ ഇത്തരത്തിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് ട്രഷറിയിലും പരിശോധന നടക്കുന്നുണ്ട്.

തട്ടിപ്പിന്റെ ലോക്കർ തുറന്നത് കാഷ് വിഭാഗം

1. നാല് ക്രമക്കേടുകളിലും കരാറുകാർ നിക്ഷേപത്തുക മടക്കി ലഭിക്കാൻ അപേക്ഷ നൽകിയിട്ടുള്ളതാണെന്ന് കോർപ്പറേഷൻ അധികൃതർ പറയുന്നു

2. എന്നാൽ സൂപ്രണ്ടിംഗ് എൻജിനിയറുടെ മുന്നിലെത്താതെ റിലീസിംഗ് ഓർഡറും കത്തും ട്രഷറി ഡെപ്പോസിറ്റ് രേഖയും കൈമാറി

3. സൂപ്രണ്ടിംഗ് എൻജിനിയറുടെ ഓഫീസ് സീലും പതിച്ചിട്ടുണ്ട്

4. അതിനാൽ ട്രഷറി ഡെപ്പോസിറ്റ് രേഖകൾ സൂക്ഷിക്കുന്ന കാഷ് വിഭാഗം ജീവനക്കാരും കരാറുകാരും തമ്മിലുള്ള ഗൂഢാലോചനയെന്ന് വ്യക്തം

5. നിലവിലെ സെക്ഷൻ കാഷ്യറോട് കോർപ്പറേഷൻ സെക്രട്ടറി വിശദീകരണം ചോദിച്ചെങ്കിലും സംഭവം നടന്നത് തന്റെ കാലത്തല്ലെന്നായിരുന്നു മറുപടി

6. സ്ഥലം മാറിപ്പോയ മുൻ കാഷ്യറോട് വിശദീകരണം ആവശ്യപ്പെട്ടു

ട്രഷറിയിൽ എത്തിയ റിലീസിംഗ് ഓർഡറിലേത് തന്റെ ഒപ്പല്ലന്ന് സൂപ്രണ്ടിംഗ് എൻജിനിയർ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊല്ലം ഈസ്റ്റ് പൊലീസിന് പരാതി നൽകി. വ്യാജ ഒപ്പിടുന്നത് ക്രിമിനൽ കുറ്റമാണ്.

കോർപ്പറേഷൻ സെക്രട്ടറി

വ്യാജ ഒപ്പ് ചൂണ്ടിക്കാട്ടിയുള്ള കത്ത് ലഭിച്ചതോടെ നിക്ഷേപത്തുക മാറി നൽകേണ്ടെന്ന് ട്രഷറി അധികൃതരോട് പറഞ്ഞു. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

പ്രസന്ന ഏണസ്റ്റ്, മേയർ

കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് കോർപ്പറേഷനിൽ നടന്നിരിക്കുന്നത്. കൈക്കൂലിക്ക് പുറമേ ഉദ്യോഗസ്ഥരുടെ വീടുകൾ മോടിപിടിപ്പിച്ച് നൽകിയതടക്കമുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും.

ടി.ജി.ഗിരീഷ്,​ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ