
കൊല്ലം: ഒരു കാലത്ത് കൊല്ലത്തിന്റെ നെല്ലറയായിരുന്ന കിഴക്കേ കല്ലടയിലെ ത്രിവേണി പാടശേഖരം നെൽകൃഷിക്കായി വീണ്ടും ഒരുങ്ങുന്നു. തരിശ് പാടം പുനരുജ്ജീവിപ്പിച്ച് കൃഷി യോഗ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഞായറാഴ്ച രാവിലെ ആരംഭിക്കും. അമ്പിത്തോടിന്റെ ശുചീകരണമാണ് ആദ്യഘട്ടമായി ആരംഭിക്കുന്നത്. ചിറ്റുമല ചിറയിൽ നിന്ന് കല്ലടയാറ്റിലേക്ക് വെളളമൊഴുക്കുന്ന അംബിത്തോട് വർഷങ്ങളായി നവീകരണമില്ലാതെ ചെളിയും പായലും നിറഞ്ഞ് ജലമൊഴുക്ക് നിലച്ച അവസ്ഥയിലായിരുന്നു. തോട്ടിലെ ജലമൊഴുക്ക് നിലച്ചതോടെ പാടങ്ങളിൽ വെളളം കെട്ടിനിന്ന് കൃഷിക്ക് യോഗ്യമല്ലാതായി മാറി. വെളളക്കെട്ട് ഒഴിവാക്കാനാണ് അംബിത്തോടിന്റെ ശുചീകരണം ആദ്യ ഘട്ടമായി ആരംഭിക്കുന്നത്. പാടം നിറഞ്ഞു കിടക്കുന്ന കാടും പുല്ലും നീക്കുന്ന ജോലികളും ആരംഭിക്കും. ത്രിവേണി പാടശേഖര ഉടമകളായ നൂറ്റി അമ്പതോളം ആളുകൾ ചേർന്ന് രൂപീകരിച്ച പാടശേഖര സമതിയാണ് കഴിഞ്ഞ 30 വർഷമായി തരിശ് കിടക്കുന്ന പാടം കൃഷിയോഗ്യമാക്കാനുളള പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്നത്. കുട്ടനാട്ടിൽ നിന്നുളള പാടശേഖര സമിതി പ്രവർത്തകരാണ് കൃഷിയുടെ ആദ്യഘട്ട മേൽനോട്ടം നിർവഹിക്കുന്നത്. കിഴക്കേ കല്ലടയിലെ നാനൂറിലധികം ഹെക്ടർ പാടങ്ങൾ കാടുകയറി തരിശു കിടക്കുന്നത് കേരളകൗമുദി നൽകിയ വാർത്തയെത്തുടർന്നാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ക്യഷി മന്ത്രി പി.പ്രസാദ് പ്രശ്നത്തിൽ ഇടപെടുകയും ബണ്ട് ബലപ്പെടുത്തൽ ഉൾപ്പെടെ പ്രവർത്തനങ്ങൾക്ക് 3.50 കോടിയുടെ പദ്ധതിക്ക് അനുമതി നൽകുകയും ചെയ്തു. കൃഷി ഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ കർഷകരുടെ യോഗം ചേർന്ന് പാടശേഖര സമിതി രൂപീകരിച്ചാണ് കൃഷി ഇറക്കുന്നത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമാദേവിയമ്മ, കൃഷി ഓഫീസർ സുമി മോഹൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
................................................
ത്രിവേണി പാടശേഖരം
നൂറ് ഹെക്ടറോളം പാടം.
ത്രിവേണി പാടശേഖര സമിതിയും കുട്ടനാടൻ പാടശേഖരസമിതിയുമായി 5 വർഷത്തെ കരാർ.
പാടം കൃഷിയോഗ്യമാക്കുന്നതുൾപ്പെടെ 5 വർഷത്തെ കൃഷി കുട്ടനാട്ടുകാർക്ക്.
ഒരു ഹെക്ടർ പാടം കൃഷി യോഗ്യമാക്കാൻ 40,000 രൂപ സർക്കാരിന്റെ സബ്സിഡി
5 ശതമാനം തുക ഉടമകൾക്ക് .
5 വർഷം കഴിയുമ്പോൾ ഉടമകൾക്ക് നേരിട്ടോ ത്രിവേണി പാടശേഖര സമിതി മുഖേനയോ കൃഷി തുടരാം.
. ................................................................
'ത്രിവേണി പാടശേഖരമാണ് കൃഷിക്കായി ആദ്യം ഒരുക്കുക. കുട്ടനാടൻ പാടശേഖര സമിതി പ്രവർത്തകർ ഇന്നലെ സ്ഥലം സന്ദർശിച്ച് ഞായറാഴ്ച ആരംഭിക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി''
സനിൽ പാട്ടത്തിൽ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ.