
കൊല്ലം: നെടുമ്പന സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം ആശുപത്രിയുടെ ഷട്ടർ അടിച്ചുതകർക്കാൻ ശ്രമിക്കുകയും വനിതാ ജീവനക്കാരെയും സുരക്ഷാ ജീവനക്കാരനെയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു.ബുധനാഴ്ച രാത്രി 11.30ഓടെയാണ് അടിപിടിയിൽ പരിക്കേറ്റ അഞ്ചംഗ സംഘം ആശുപത്രിയിലെത്തി ചികിത്സ ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയത്. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രാത്രിയിൽ രോഗികളെ പരിശോധിക്കാറില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് വനിതാ നഴ്സുമാർ വ്യക്തമാക്കിയിട്ടും സാമൂഹ്യവിരുദ്ധ സംഘം ബഹളം തുടരുകയായിരുന്നു. 12.45ഓടെയാണ് സംഘം മടങ്ങിയത്. ഇതിനിടയിൽ ജീവനക്കാർ പലതവണ പൊലീസിനെ വിളിച്ചെങ്കിലും സംഘം പോയ ശേഷമാണ് എത്തിയത്. പരാതി നൽകിയിട്ടും മൊഴിയെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.സാമൂഹ്യവിരുദ്ധരുടെ അക്രമത്തിനെതിരെ ആശുപത്രിയിൽ ഇന്നലെ ജീവനക്കാർ പ്രതിഷേധ യോഗം ചേർന്നു. നിലവിൽ നാല് സ്ത്രീകളടക്കം അഞ്ച് പേർ ആശുപത്രിയിൽ കിടത്തിചികിത്സയിലുണ്ട്. ഡോക്ടർമാരുടെ കുറവിന് പുറമേ സുരക്ഷാ പ്രശ്നങ്ങൾ കൂടി ഉയരുന്ന പശ്ചാത്തലത്തിൽ കിടത്തിചികിത്സ പൂർണമായും നിർത്തിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.