xp
കുലശേഖരപുരം നീലികുളം ഏഴാം വാർഡിലെ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗം ദീപക് ശിവദാസിന്റെ നേതൃത്വത്തിൽ നാട്ടുകാർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച്

തഴവ: കുലശേഖരപുരം ഗ്രാമപഞ്ചായത്ത് നീലി കുളം ഏഴാം വാർഡിലെ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. വാർഡിലെ ആനന്ദ ജംഗ്ഷൻ - പഞ്ചായത്ത് ജംഗ്ഷൻ റോഡ്, നീലിമ ജംഗ്ഷൻ - കവിയിൽ ജംഗ്ഷൻ റോഡ്‌ തുടങ്ങിയ പ്രധാന റോഡുകളെല്ലാം വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. പല റോഡുകൾക്കും പുനർനിർമ്മാണത്തിന് ടെൻണ്ടർ ക്ഷണിക്കുകയും കരാറുകാർ വർക്ക് എടുക്കുകയും ചെയ്തതാണ്. എന്നാൽ കരാർ നൽകി ഒന്നര വർഷമായിട്ടും പുനർനിർമ്മാണം നടക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. പതിനഞ്ചാം തീയതിക്ക് മുമ്പ് പുനർ നിർമ്മാണത്തിന് നടപടികൾ സ്വീകരിക്കാമെന്ന പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാമിന്റെ ഉറപ്പിനെ തുടർന്ന് നാട്ടുകാർ പിരിഞ്ഞു പോയി. ഗ്രാമ പഞ്ചായത്ത് അംഗം ദീപക് ശിവദാസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സുനിൽ ,രാജേഷ്, ഉണ്ണി, രാജു മലയാറ്റിൽ, നാസർ മഠത്തിന്റെ വടക്കതിൽ, വിക്രമൻ ചക്കാലയിൽ,സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.