കൊല്ലം: മനുഷ്യരാശി ആർജ്ജിച്ച നേട്ടങ്ങളെ ഇല്ലാതാക്കി പ്രാകൃത അവസ്ഥയിലേക്ക് തിരികെക്കൊണ്ടുപോകാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, എസ്.എൻ. വനിത കോളേജ് നാഷണൽ സര്‍വീസ് സ്‌കീം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ശ്രീനാരായണ വനിതാ കോളജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് ഉപയോഗം വ്യാപിക്കാതിരിക്കാനുള്ള മുൻകരുതലാണ് പ്രധാനം. ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജെ. ചിഞ്ചു റാണി അദ്ധ്യക്ഷയായി. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ രാജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. എം. നൗഷാദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ അഫ്‌സാന പർവീൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ, എസ്.എൻ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ.ആർ. സുനിൽകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.എഫ്. ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.