കൊല്ലം: സംസ്ഥാനത്ത് നടപ്പാക്കുന്ന ഡിജിറ്റൽ സർവേയുടെ ആദ്യ ഘട്ടം ജില്ലയിലെ 12 വില്ലേജുകളിൽ നടക്കും. ജനപങ്കാളിത്തം ഉറപ്പാക്കാൻ ജില്ലയിൽ സർവേ സഭകൾ ആരംഭിക്കും. കിളികൊല്ലൂർ, മങ്ങാട്, കൊറ്റങ്കര, കുലശേഖരപുരം, കല്ലേലിഭാഗം, തൊടിയൂർ, തലവൂർ, വിളക്കുടി, പത്തനാപുരം, ഇടമൺ, വാളാക്കോട്, പുനലൂർ എന്നീ 12 വില്ലേജുകളിലാണ് സർവേ നടത്തുക.
മന്ത്രി കെ. രാജന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന സംസ്ഥാനതല യോഗം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. സർവേ സഭകൾ ഫലപ്രദമാക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ നേതൃപരമായ ഇടപെടൽ ഉറപ്പാക്കുന്നതിന് പൂർണപിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സർവേ ഭൂരേഖ ഡയറക്ടർ ശ്രീരാം സാംബശിവറാവു, പഞ്ചായത്ത് വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ, നഗരകാര്യ വകുപ്പ് ഡയറക്ടർ അരുൺ.കെ.വിജയൻ തുടങ്ങിയവർ പങ്കെടുത്തു.