കൊല്ലം: ജോലിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടുന്ന മേലുദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കുന്ന രീതിയിൽ കെട്ടിച്ചമച്ച കേസുകൾ വർദ്ധിക്കുന്നതായി വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ. ആശ്രാമം സർക്കാർ അതിഥി മന്ദിരത്തിൽ നടത്തിയ സിറ്റിംഗിൽ പരാതികൾ പരിഗണിക്കുകയായിരുന്നു അവർ. ബോധവത്കരണ ക്ലാസുകളും സെമിനാറുകളും പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ചിട്ടും കുടുംബ പ്രശ്‌നങ്ങൾ കുറയുന്നില്ലെന്നും അവർ നിരീക്ഷിച്ചു. 120 പരാതികൾ പരിഗണിച്ചു. 44 എണ്ണം തീർപ്പാക്കി. മൂന്ന് കേസുകളിൽ റിപ്പോർട്ട് തേടി. 73 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മിഷൻ അംഗം ഇന്ദിര രവീന്ദ്രൻ, സർക്കിൾ ഇൻസ്‌പെക്ടർ അനിത റാണി, അഭിഭാഷകരായ സരിത, ജയ കമലാസനൻ, ബെച്ചി, ഹേമ, കൗൺസിലർ സിസ്റ്റർ സംഗീത തുടങ്ങിയവർ പങ്കെടുത്തു.