light
കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഇരുട്ടിലായ പച്ചില ഭാഗം

കുന്നിക്കോട് : ദേശീയപാതയിൽ അപകടവളവുകളിലെ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് വാഹനയാത്രക്കാരെയും കാൽനടക്കാരെയും ഒരുപോലെ ഭീതിയിലാക്കുന്നു. വിളക്കുടി ഗ്രാമപഞ്ചായത്തിലൂടെ കടന്ന് പോകുന്ന കൊല്ലം-തിരുമംഗലം ദേശീയപാതയിലെ പത്തനാപുരം താലൂക്ക് അതിർത്തിയായ ചേത്തടി മുതൽ പുനലൂർ വരെയുള്ള തെരുവ് വിളക്കുകളാണ് മിഴിപൂട്ടിയത്.

ഇതുവഴി രാത്രിയിൽ വാഹനം ഓടിക്കുന്നവർ നന്നേ ബുദ്ധിമുട്ടിയാണ് കടന്നു പോകുന്നത്. കൊടും വളവുകളും കൂരിരിട്ടും കൂടിയാകുമ്പോൾ യാത്ര വെല്ലുവിളിയായി മാറുന്നു. ദിശാസൂചനകൾ പോലും കാണാൻ കഴിയാത്ത അവസ്ഥയാണ്. മഴ കൂടിയുണ്ടെങ്കിൽ യാത്രക്കാരൻ പെട്ടതുതന്നെ!

തെട്ടു മുമ്പിലുള്ളതുപോലും കാണാൻ കഴിഞ്ഞെന്നുവരില്ല. തെരുവിളക്കുകൾ പ്രകാശിക്കാത്തതിനാൽ ഇരുചക്രവാഹന യാത്രികരും കാൽനടക്കാരുമാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്.

തെരുവ് നായ്ക്കളും ഭീഷണി

ഇരുട്ടിന്റെ മറവിൽ അറവുമാലിന്യം ഉൾപ്പടെയുള്ളവ വഴിയരികിൽ തള്ളാൻതുടങ്ങിയതോടെ നായ്ക്കളുടെ ആക്രമണവും പതിവായി.

വഴിനീളെ തമ്പടിച്ചിരിക്കുന്ന തെരുവ് നായക്കൾ രാത്രിയിൽ പാഞ്ഞടുക്കുന്നത് പലപ്പോഴും കാണാൻ പോലും കഴിയാറില്ല. യാത്രികരുടെ മുന്നിൽ കുതിച്ചു ചാടുമ്പോഴായിരിക്കും മിക്കപ്പോഴും നായകളെ കാണുന്നത്. അതിനാൽ നായകളുടെ ആക്രമണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ പലപ്പോഴും കഴിയാതെ വരും. കഴിഞ്ഞ ആഴ്ചകൾക്കിടെ അഞ്ചോളം ഇരുചക്ര വാഹനയാത്രികർ ഇത്തരത്തിലുള്ള അപകടങ്ങളിൽപ്പെട്ടിരുന്ന കാര്യം 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.

ഇരുളിന്റെ മറപറ്റി സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. ഇരുട്ടുള്ള പ്രദേശങ്ങളിൽ വാഹനം നിർത്തി മദ്യപാനമുൾപ്പടെയുള്ള കാര്യങ്ങളിൽ ഏർപ്പെടുന്നതായും പരാതിയുണ്ട്. മോഷണം പോലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് അനുഗ്രഹമാണ്.

കത്താതായിട്ട കാലമായി

ത്രിതലപഞ്ചായത്തുകളുടെ ഫണ്ടുപയോഗിച്ച് സൗരോർജത്തിൽ പ്രവർത്തിക്കുന്നത് ഉൾപ്പടെയുള്ള തെരുവ് വിളക്കുകൾ നേരത്തെ സ്ഥാപിച്ചെങ്കിലും മിക്കതും പ്രവർത്തനരഹിതമാണ്. അത് നന്നാക്കാനോ മാറ്റി പുതിയത് സ്ഥാപിക്കാനോ നടപടിയായില്ല. നിലവിൽ ടൗൺ കേന്ദ്രീകരിച്ച് എം.പി,​ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത് മാത്രമാണ് പ്രകശിക്കുന്നത്. ഇതൊഴിച്ചാൽ ദേശീയപാതയോരത്ത് തെരുവ് വിളക്കുകൾ പ്രവർത്തനരഹിതമായിട്ട് കാലമേറെയായി. പ്രശ്നത്തിന് ആര് പരിഹാരം കാണുമെന്നത് ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.