കൊല്ലം: നിയമം ലംഘനം നടത്തിയ ടൂറിസ്റ്റ് ബസിൽ വിനോദയാത്ര പോകാനുള്ള നീക്കം മോട്ടോർ വാഹന വകുപ്പ് തടഞ്ഞു. കൊട്ടാരക്കര തലച്ചിറയിലെ സ്വകാര്യ പോളിടെക്‌നിക്ക് കോളജിൽ നിന്ന് വിനോദയാത്ര പോകാനിരിക്കെയാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. ആറ് ദിവസത്തെ യാത്ര പോകാനായി എത്തിയ വാഹനത്തിന് സ്പീഡോമീറ്റർ ഘടിപ്പിപ്പിച്ചിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി, നിരോധിച്ചിട്ടുള്ള ലേസർ ലൈറ്റുകളൂം കാതടപ്പൻ ശബ്ദസംവിധാനവും പുകപുറത്ത് വിടുന്ന ഉപകരണങ്ങൾ ഉൾപ്പടെ കണ്ടതോടെയാണ് വാഹനത്തിന് യാത്ര അനുവദിക്കാനാവില്ലെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിലും കോളജുകളും സ്‌കൂളുകളും സംഘടിപ്പിക്കുന്ന യാത്രക്ക് മോട്ടോർവാഹനവകുപ്പിന്റെ അനുമതി വേണമെന്നും പരിശോധന തുടരുമെന്നും സംഘം വ്യക്തമാക്കി.