kmml-chavara

ചവറ: ചവറ കെ. എം. എം. എൽ ജീവനക്കാരുടെ ഒമ്പതാം ദീർഘകാലകരാറിന്റെ ഭാഗമായി 2017 മുതൽ നൽകാനുള്ള ശമ്പള കുടിശ്ശിക നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും കമ്പനിയിലെ വിവിധ തൊഴിലാളി വിരുദ്ധ പ്രശ്നങ്ങൾ ഉന്നയിച്ചും യു.ടി.യു.സി,​ ഐ.എൻ.ടി.യു.സി എന്നിവയുടെ നേതൃത്വത്തിൽ 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തി. മുഴുവൻ വിഭാഗം തൊഴിലാളികളും പണിമുടക്കിന് പൂർണപിന്തുണ നൽകിയതോടെ കമ്പനിയുടെ പ്രവർത്തനം നിശ്ചലമായി. ശമ്പള കുടിശ്ശിക ഉടൻ നൽകിയില്ലെങ്കിൽ ശക്തമായ തുടർസമരങ്ങളുമായി യൂണിയനുകൾ മുന്നോട്ടു പോകുമെന്ന് സമരത്തിന് നേതൃത്വം നല്കിയ യു.ടി.യു.സി യൂണിയൻ ജനറൽ സെക്രട്ടറി ജെ.മനോജ് മോനും ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി ആർ. ശ്രീജിത്തും അറിയിച്ചു. യൂണിയൻ നേതാക്കളായ സുരാജ്, എസ്.ഷാജി, രതീഷ്, ഗോപൻ, രാജു, ദിനേശ് മോഹൻ,​ വിമൽകുമാർ, ശ്രീരാജ്, സഹദേവൻ, സിറാജ്, ബിനു വിൻസെന്റ്, വിഷ്‌ണുറാം എന്നിവർ പണിമുടക്കിന് നേതൃത്വം നൽകി.