പുനലൂർ: കഴിഞ്ഞ വർഷം കോടികൾ ചെലവിട്ട് നവീകരിച്ച പുനലൂർ ,പാപ്പന്നൂർ, ഇടമൺ സത്രം സമാന്തര പാത അപകടക്കെണിയാകുന്നു. നവീകരണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോഴേക്കും റോഡിന്റെ അവസ്ഥ പരിതാപകരമായി. കൊല്ലം- തിരുമംഗലം ദേശീയ പാതയിലെ പുനലൂർ ടി.ബി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ദേശീയ പാതയിലെ ഇടമൺ സത്രം ജംഗ്ഷനിൽ സമാപിക്കുന്ന സമാന്തര റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞുവീണും പാതയിൽ കുഴികൾ രൂപപ്പെട്ടുമാണ് അപകടക്കെണിയായിരിക്കുന്നത്. എന്നാൽ അപകടക്കെണി ഒഴിവാക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നില്ല.
പാർശ്വഭിത്തി നിർമ്മിക്കണം
8 കിലോമീറ്റർ ദൈർഘ്യമുളള സമാന്തര പാത കഴിഞ്ഞ വർഷം 9 കോടിയോളം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. 5വർഷത്തെ ഗാരണ്ടിയോടെയായിരുന്ന നവീകരണ ജോലികൾ ചെയ്തത്. എന്നാൽ നവീകരിച്ച് ആറ് മാസം കഴിഞ്ഞപ്പോൾ പാതയിലെ മുറിയന്തലക്ക് സമീപത്തെ പാർശ്വഭിത്തിടിഞ്ഞ് സമീപത്തെ 15 അടി താഴ്ചയിലേക്ക് വീണു. വിള്ളൽ വീണ പാതയോരത്ത് ടാർ വീപ്പകൾ നിരത്തി അപകട സൂചനകൾ നൽകിയിട്ടുണ്ടെങ്കിലും പുതിയ പാർശ്വഭിത്തി നിർമ്മിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.
നിർമ്മാണത്തിലെ അപാകത
ഇടമൺ 34ൽ നിന്ന് പുനലൂരിലേക്കും തിരികെയും പോകുന്ന വാഹനങ്ങൾക്ക് ദേശീയ പാതയിൽ കയറാതെ കടന്ന് പോകാൻ അര നൂറ്റാണ്ട് മുമ്പ് നിർമ്മിച്ച സമാന്തര പാതയാണിത്. ജനങ്ങളുടെ നിരന്തരമായ ആവശ്യങ്ങളെ തുടർന്ന് മുൻ മന്ത്രി കെ.രാജുവിന്റെ ശ്രമ ഫലമായി അനുവദിച്ച രൂപ ചെലഴിച്ചാണ് സമാന്തര പാത ഉന്നത നിലവാരത്തിൽ കഴിഞ്ഞ വർഷം നവീകരിച്ചത്. എന്നാൽ നിർമ്മാണത്തിലെ അപാകതയാണ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പാതയുടെ അടിയിലൂടെ കടന്ന് പോകുന്ന വാട്ടർ അതോറിട്ടിയുടെ പഴയ പൈപ്പുകൾ പൊട്ടിയാണ് റോഡിൽ കുഴികളുണ്ടായത്.