ahtamudimukk

കൊല്ലം: വികസനത്തിനായി രണ്ട് മാസത്തോളമായി പൊളിച്ചിട്ടിരിക്കുന്ന അഷ്ടമുടിമുക്ക് - പെരുമൺ റോഡ് നാട്ടുകാർക്ക് ദുരിതമാകുന്നു. മെറ്റലും ടാറും ഇളകി കാൽനട യാത്ര പോലും ദുസഹമായി.

രണ്ടരക്കോടിക്കാണ് റോഡ് നിർമ്മാണം കരാറെടുത്തത്. റോഡിന്റ സംരക്ഷണ ഭിത്തി നിർമ്മാണം ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയായതുമാണ്. മൺറോത്തുരുത്ത്, പനയം, പടിഞ്ഞാറേകല്ലട, കിഴക്കേകല്ലട പഞ്ചായത്തുകളിലുള്ളവർ കൊല്ലത്തെത്താൻ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. നാല് കിലോമീറ്റർ ദൂരമുള്ള റോഡ് രണ്ടുമാസം മുമ്പ് ജെ.സി.ബി ഉപയോഗിച്ച് കുത്തിപ്പൊളിച്ചെങ്കിലും ജലജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചതോടെ റോഡ് നിർമ്മാണം നിറുത്തിവയ്ക്കുകയായിരുന്നു. പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ അനിശ്ചിതമായി നീളുന്നതിനാൽ റോഡ് നിർമ്മാണവും പൂർത്തിയാക്കാനാകുന്നില്ല. തൃക്കരുവ, പെരിനാട്, മൺറോത്തുരുത്ത്, പനയം പഞ്ചായത്തുകളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനായി 120 കോടി ചെലവിട്ടാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. പൈപ്പ് ലൈൻ സ്ഥാപിക്കാൻ നവംബർ 20 വരെ വാട്ടർ അതോറിട്ടിക്ക് സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് ശേഷമേ ബി.എം.ബി.സി ജോലികൾ നടത്താൻ കഴിയൂ. പൈപ്പ് ലൈനിന്റെ ജോലികൾ തീർത്ത് റോഡ് സഞ്ചാര യോഗ്യമാകുന്നതുവരെ തകർന്ന റോഡിലൂടെ യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് നാട്ടുകാർ.

പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ എത്രയും വേഗം പൂർത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കണം.

നാട്ടുകാർ.