പുനലൂർ: വനംവകുപ്പിന്റെ സ്വയം ഒഴിഞ്ഞുപോകൽ പദ്ധതിക്കെതിരെ തെന്മല ഗ്രാമ പഞ്ചായത്തിലെ പ്രദേശവാസികൾ ആക്ഷൻ കൗൺസിൽ രൂപികരിച്ചു. കഴിഞ്ഞ മാസമാണ് വനം വകുപ്പ് സ്വയം പുനരധിവാസ പദ്ധതിക്ക് അപേക്ഷ നൽകാൻ അവസരം ഒരുക്കിയത്. ചെറുകടവിൽ നിന്ന് സ്വയം ഒഴിഞ്ഞു പോകുന്ന ഒരു കുടുംബത്തിന് 15 ലക്ഷം രൂപ നൽകുമെന്നാണ് പറയുന്നത്. ഇതനുസരിച്ച് പല കുടുംബങ്ങളും ഇതിനകം അപേക്ഷ നൽകി. എന്നാൽ രണ്ടും മൂന്നും സെന്റ് ഭൂമി മാത്രമുള്ളവരാണ് അപേക്ഷ നൽകിയതെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. എന്നാൽ കൂടുതൽ ഭൂമിയുള്ളവർ സ്വയം ഒഴിഞ്ഞുപോകാൻ തയ്യാറല്ല. ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ചെറുകടവിലുള്ളതിനാൽ താമസക്കാരിൽ 95ശതമാനവും ഒഴിഞ്ഞു പോകാൻ തയ്യാറല്ല. ഇത് കണക്കിലെടുത്ത് വനം വകുപ്പ് പദ്ധതിയിൽ നിന്ന് പിന്തിരിയണമെന്നാണ് സമരക്കാർ പറയുന്നത്. പദ്ധതിക്കെതിരെ തെന്മല ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കിയിരുന്നു. തുടർന്ന് വിവിധ തരത്തിലുളള സമരങ്ങളും ആരംഭിച്ചെങ്കിലും തുടർന്ന് നടപടികളുമായി വനം വകുപ്പ് മുന്നോട്ട് പോകുന്നതിനെതിയാണ് 166 കുടുംബങ്ങൾ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപികരിച്ചത്. മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും മറ്റും പരാതി നൽകിയ ശേഷം സമരം ശക്തമാക്കാൻ തിരുമാനിച്ചു.വാർഡ് അംഗം സി.ചെല്ലപ്പനെ കോ-ഓഡിനേറ്ററായും, വലിയകാവ് സനിൽകുമാറിനെ ചെയർമാനായുമുളള ആക്ഷൻ കൗൺസിൽ രൂപീകരണ യോഗത്തിൽ മുൻ പഞ്ചായത്ത് അംഗം ലൈസി അലക്സ്, കെ.ചാക്കോച്ചൻ, കരുണാകരൻ, ജോയിമോൻ തുടങ്ങിയവർ സംസാരിച്ചു.