
കൊല്ലം: കുടിവെള്ള വിതരണം നിലച്ച് 10 മാസം പിന്നിട്ടിട്ടും തൃക്കടവൂർ നീരാവിൽ പ്രദേശത്തുള്ളവർക്ക് മുന്നിൽ അധികൃതർ കനിയുന്നില്ല. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് നീരാവിൽ ജംഗ്‌ഷൻ, ലക്ഷംവീട് എന്നിവിടങ്ങളിൽ പുതിയ കുഴൽക്കിണർ നിർമ്മിക്കുമെന്ന് കോർപ്പറേഷൻ ഉറപ്പുകൊടുത്തെങ്കിലും തുടർനടപടികളൊന്നും കൈക്കൊണ്ടില്ല. 20 ലക്ഷം അനുവദിച്ചെന്നാണ് പരസ്യപ്പെടുത്തിയത്. പൈപ്പുകൾ സ്ഥാപിക്കുന്നതിന് ഇതിൽ കൂടുതൽ പണം വേണ്ടിവരുമെന്ന കാരണത്താൽ കരാറേറ്റെടുക്കാൻ ആരും തയാറാകുന്നില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കുടിവെള്ള വിതരണത്തിന് ടാങ്കർ ലോറിയടക്കമുള്ള സേവനം പ്രയോജനപ്പെടുത്താമെന്നിരിക്കെ കോർപ്പറേഷൻ അധികൃതർ അക്കാര്യത്തിലടക്കം താത്പര്യം കാട്ടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സമീപത്തെ വീടുകളിലെ കിണറുകളെയും സ്വകാര്യ ഏജൻസികളെയുമാണ് കുടിവെള്ളത്തിനായി ഇവർ ഇപ്പോൾ ആശ്രയിക്കുന്നത്.
പ്രതിഷേധം നടത്തിയിട്ടും ഫലമില്ല
പ്രദേശവാസികൾ നിരവധി തവണയാണ് കോർപ്പറേഷനിൽ പ്രതിഷേധം നടത്തിയത്. ഡിവിഷൻ കൗൺസിലർ ഇടപെടുന്നില്ലെന്നും ആരോപണമുണ്ട്. രണ്ടാഴ്ച മുമ്പ് തൃക്കടവൂർ സോണൽ ഓഫീസ് പടിക്കൽ കോൺഗ്രസ് നീരാവിൽ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണയും നടത്തിയിരുന്നു. കുടിവെള്ള വിതരണത്തിൽ പകരം സംവിധാനം ഏർപ്പെടുത്താൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.